നെല്ലിക്കട്ടയിൽ റോഡിലേക്ക് ഒഴുകുന്ന കക്കൂസ് മാലിന്യം; പൊറുതിമുട്ടി നാട്ടുകാർ, കണ്ണടച്ച് അധികൃതർ

നെല്ലിക്കട്ട: ബിലാൽ നഗറിൽ ക്വാർട്ടേഴ്സുകളിൽ നിന്നുള്ള കക്കൂസ് മാലിന്യവും മലിനജലവും പരസ്യമായി റോഡിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. വർഷങ്ങളായി തുടരുന്ന ഈ ഗുരുതരമായ ആരോഗ്യഭീഷണിക്ക് എതിരെ പ്രദേശവാസികൾ നിരവധി തവണ ചെങ്കള ഗ്രാമപഞ്ചായത്തിനും ആരോഗ്യവകുപ്പിനും പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

മറുനാടൻ തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ താമസിക്കുന്ന, തകർച്ചാഭീഷണിയിലായ ക്വാർട്ടേഴ്സുകളിൽ നിന്നാണ് മലിനജലം പുറത്തേക്ക് ഒഴുക്കുന്നത്. ക്വാർട്ടേഴ്സ് പരിസരത്തും റോഡിലുമായി മനുഷ്യവിസർജ്യം കലർന്ന വെള്ളം കെട്ടിക്കിടക്കുന്നത് കാരണം ദുർഗന്ധം രൂക്ഷമാകുകയും പ്രദേശം മുഴുവൻ ഗുരുതരമായ രോഗഭീഷണിയിലാകുകയും ചെയ്തിരിക്കുകയാണ്. കൂടാതെ ഈ ഭാഗത്ത് കൊതുക് ശല്യവും അതിരൂക്ഷമാണ്.

മഴക്കാലമായതോടെ കുഴികൾ നിറഞ്ഞ് ഈ മലിനജലം റോഡിലൂടെ പരന്നൊഴുകുകയാണ്. സ്കൂൾ കുട്ടികൾ അടക്കം നൂറുകണക്കിന് ആളുകൾ ദിവസേന നടന്നുപോകുന്ന വഴിയാണിത്. മൂക്ക് പൊത്താതെ ഇതിലൂടെ നടക്കാൻ കഴിയില്ലെന്ന് നാട്ടുകാർ പറയുന്നു. ഈ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം പുഴുക്കടിയും ചൊറിച്ചിലും ത്വഗ്രോഗങ്ങളും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നാട്ടുകാർക്ക് ഉണ്ടാകുന്നുണ്ട്.

பொതുജനാരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന ഇത്രയും ഗുരുതരമായ വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ അനാസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്നും, മലിനജലം ഒഴുക്കുന്നതിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും വിലകൽപ്പിക്കാത്ത അധികൃതരുടെ നിലപാടിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാരും പൊതുപ്രവർത്തകരും.

ശക്തമായ ബഹുജനസമരം നടത്തും: എൻ.എ. അബ്ദുൽ ഖാദർ

“മലിനജലം കെട്ടിക്കിടക്കുന്നതിനെ തുടർന്ന് പ്രദേശത്തെ നിരവധി കുടുംബങ്ങൾ പലവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ക്വാർട്ടേഴ്സിൽ നിന്നുള്ള മാലിന്യം റോഡിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ശക്തമായ ബഹുജനസമരം നടത്തും.” — എൻ.എ. അബ്ദുൽ ഖാദർ (പൊതുപ്രവർത്തകൻ)

Leave a Reply

Your email address will not be published. Required fields are marked *