കാഞ്ഞങ്ങാട്: സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ പോസ്റ്ററുകൾ സ്റ്റാറ്റസ് ഇട്ടതിൻ്റെ പേരിൽ തൃക്കരിപ്പൂരിൽ മുൻ സി.പി.എം നേതാവിന് നേരെ ക്രൂരമായ ആക്രമണം. പടന്ന വടക്കേക്കാട്ടിലെ കൽപ്പണിക്കാരനും സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ കെ.പി ബാബുവിന് (46) നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് കമ്പിപ്പാര കൊണ്ട് അടിയേറ്റ ബാബുവിനെ പരിക്കുകളോടെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8.30-ഓടെയാണ് സംഭവം. സുഹൃത്തിനെ വീട്ടിലാക്കി മടങ്ങുകയായിരുന്ന ബാബുവിനെ തെക്കേക്കാട് ജംഗ്ഷന് സമീപം വെച്ച് ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് ബാബുവിൻ്റെ മുൻനിരയിലെ പല്ല് ഇളകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ മത്സരിച്ച സന്ദീപ് വാര്യരുടെയും, പയ്യന്നൂരിലെ കെ. കുഞ്ഞികൃഷ്ണൻ്റെയും പോസ്റ്ററുകൾ ബാബു വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയി നൽകിയിരുന്നു. മുൻപ് സി.പി.എം സജീവ പ്രവർത്തകനായിരുന്ന ബാബു പിന്നീട് പാർട്ടി അംഗത്വം പുതുക്കിയിരുന്നില്ല. സ്റ്റാറ്റസുകളെ ചൊല്ലി പ്രദേശത്തെ പാർട്ടി പ്രവർത്തകർക്ക് ബാബുവിനോട് നീരസമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. കൂടാതെ, കേന്ദ്ര ഫണ്ടുകൾ നടപ്പിലാക്കാത്ത സംസ്ഥാന സർക്കാരിനെ വിമർശിച്ചും ബാബു മുൻപ് പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ തനിക്ക് ഭീഷണിയുണ്ടായിരുന്നതായി ബാബു വെളിപ്പെടുത്തി.
സംഭവത്തിൽ സി.പി.എം പ്രവർത്തകരായ കെ. രവി, പി.വി രതീഷ്, കെ.വി രാജേഷ്, സച്ചിൻ, ആർ. വിനു തുടങ്ങി എട്ടോളം പേർക്കെതിരെ ബാബു ചന്തേര പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













Leave a Reply