കാസർകോട്: ട്രെയിൻ യാത്രക്കാരൻ്റെ വിലപിടിപ്പുള്ള ഐപാഡും മൊബൈൽ ഫോണും പവർ ബാങ്കും കവർന്ന കേസിൽ മധ്യപ്രദേശ് സ്വദേശി 24 മണിക്കൂറിനകം റെയിൽവേ പൊലീസിൻ്റെ പിടിയിലായി. മധ്യപ്രദേശ് സ്വദേശി ബരേദ്ര റാത്തോർ (37) ആണ് അറസ്റ്റിലായത്.
ഉത്രാടദിവസം പുലർച്ചെ കോഴിക്കോട് ഭാഗത്തേക്ക് സർവീസ് നടത്തുകയായിരുന്ന മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസിലാണ് കവർച്ച നടന്നത്. മലപ്പുറം ഇരുമ്പുഴി വടക്കുമുറി സ്വദേശി പി. ഷനുപ് റഹ്‌മാൻ്റെ 89,000 രൂപയോളം വിലമതിക്കുന്ന ഗാഡ്‌ജറ്റുകളാണ് മോഷണം പോയത്. ട്രെയിനിൻ്റെ പിൻഭാഗത്തെ ജനറൽ കോച്ചിലെ യാത്രക്കാരനായിരുന്നു ഷനുപ്.
ട്രെയിൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സാധനങ്ങൾ നഷ്ടപ്പെട്ട വിവരം യാത്രക്കാരൻ്റെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഉടൻ തന്നെ കാസർകോട് റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചയുടൻ അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ്, തിരുവോണ ദിവസം കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പ്രതിയെ തന്ത്രപരമായി കസ്റ്റഡിയിലെടുത്തത്.
റെയിൽവേ പൊലീസ് എസ്.ഐ സി.എസ്. സനിൽകുമാറിൻ്റെ മേൽനോട്ടത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ രൂപേഷ്, ആർ.പി.എഫ് സ്ക്വാഡിലെ അബ്ദുൽ സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.














Leave a Reply