അമ്പലത്തറയിൽ സൂപ്പർ മാർക്കറ്റിൽ കവർച്ച; ഒന്നര മണിക്കൂറിനുള്ളിൽ പ്രതികളെ പൂട്ടി പോലീസ്

കാസർഗോഡ്: അമ്പലത്തറയിലെ സൂപ്പർ മാർക്കറ്റിൽ പുലർച്ചെയോടെ കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ ഒന്നര മണിക്കൂറിനുള്ളിൽ വലയിലാക്കി അമ്പലത്തറ പോലീസ്. പടന്നക്കാട് കരുവളം സ്വദേശികളായ അറഫാത്ത് (18), ജുനൈദ് (18) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരു 17 കാരനുമാണ് പോലീസിന്റെ പിടിയിലായത്.

ഞായറാഴ്ച പുലർച്ചെ 3.30-ഓടെ അമ്പലത്തറയിലെ ‘ക്യൂമാർട്ട്’ സൂപ്പർ മാർക്കറ്റിലായിരുന്നു സംഭവം. കടയുടെ മുൻവശത്തെ ഷട്ടറും സിസിടിവി ക്യാമറകളും തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 5600 രൂപയും ചില സാധനങ്ങളും ഇവർ കവർന്നു.

സിനിമയെ വെല്ലുന്ന രീതിയിൽ അറസ്റ്റ്

മോഷണം നടക്കുമ്പോൾ സമീപത്തെ കെട്ടിടത്തിൽ താമസിച്ചിരുന്ന ബാർബർ ഷോപ്പുടമ വിവരം ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ പോലീസിനെ അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് മിന്നൽ വേഗത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം, പ്രതികളിൽ ഒരാളായ ജുനൈദിനെ സംഭവസ്ഥലത്തുനിന്നുതന്നെ കൈയോടെ പിടികൂടി.

തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, രക്ഷപ്പെടാൻ ശ്രമിച്ച മറ്റ് രണ്ടുപേരെയും രാവിലെ 5 മണിയോടെ മൂന്നാംമൈലിൽ വെച്ച് പോലീസ് വളഞ്ഞുപിടിക്കുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൂടുതൽ മോഷണശ്രമങ്ങൾ?

അമ്പലത്തറയിലുള്ള ‘എക്സ്പ്രസ്’ സൂപ്പർ മാർക്കറ്റിലും ഇതേ സംഘം മോഷണശ്രമം നടത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമ്പലത്തറ എ.എസ്.ഐ.മാരായ കെ. ജയരാജ്, ബിജു കീലേരി, സീനിയർ സിവിൽ പോലീസ് ഓഫീസർ സതീശൻ പള്ളിക്കര എന്നിവരടങ്ങിയ സംഘമാണ് അതിവേഗ നീക്കത്തിലൂടെ പ്രതികളെ കുടുക്കിയത്. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

പിടിയിലായവരിൽ മുതിർന്ന രണ്ടുപ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത 17 കാരനെ ജൂവനൈൽ കോടതിയിലാണ് ഹാജരാക്കിയത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *