കാഞ്ഞങ്ങാട്: അലാമിപ്പള്ളി പെട്രോൾ പമ്പിന് സമീപത്തെ രാജരാജേശ്വരി മൂകാംബിക ക്ഷേത്രത്തിൽ മോഷണശ്രമം. കുപ്രസിദ്ധ മോഷ്ടാവ് ബളാൽ സ്വദേശി ഹരീഷ് കുമാറിനെ (53) നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
ക്ഷേത്ര പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ ഇയാളെ കണ്ടതിനെ തുടർന്ന് സമീപവാസികൾ നിരീക്ഷിക്കുകയും തുടർന്ന് ഹോസ്ദുർഗ് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ക്ഷേത്രത്തിന് സമീപത്തെ കെ.വി. പ്രശോഭ് കുമാറിന്റെ വീടിന്റെ വിറകുപുരയിൽ നിന്ന് കൈക്കലാക്കിയ മഴു ഉപയോഗിച്ച് ശ്രീകോവിലിന്റെ പൂട്ട് തകർക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ തടഞ്ഞത്.
മോഷണശ്രമത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം നാട്ടുകാർ ഇയാളെ വളഞ്ഞുപിടിച്ച് സ്ഥലത്തെത്തിയ ഹോസ്ദുർഗ് പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ വീട്ടുടമ കെ.വി. പ്രശോഭ് കുമാറിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി ക്ഷേത്ര കവർച്ചാ കേസുകളിൽ പ്രതിയാണ് പിടിയിലായ ഹരീഷ് കുമാർ. കഴിഞ്ഞ നവംബറിൽ രാജേശ്വരി മഠത്തിൽ നിന്ന് ചെമ്പ് ഭണ്ഡാരവും പണവും വലംപിരി ശംഖും കവർന്ന കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.














Leave a Reply