മംഗളൂരു: സോമേശ്വര പെരിബൈൽ ബീച്ചിൽ ശക്തമായ തിരമാലകളിൽപ്പെട്ട് കാണാതായ പതിനെട്ടുകാരനായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചിക്കമഗളൂരു കൊപ്പ താലൂക്കിലെ കമ്മറടി സ്വദേശിയായ ശോഭിത് എം. ഗൗഡയാണ് മരിച്ചത്. ഉജിരെ എസ്.ഡി.എം കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയാണ്.
കുട്ടാറിലെ സ്വാമി കൊറഗജ്ജ ക്ഷേത്രദർശനത്തിന് ശേഷമാണ് ഒമ്പതംഗ വിദ്യാർത്ഥി സംഘം കടൽത്തീരത്തേക്ക് എത്തിയത്. തുടർന്ന് ശോഭിതും സുഹൃത്ത് ആകാശും കടലിലിറങ്ങിയപ്പോൾ ശക്തമായ അടിയൊഴുക്കിൽപ്പെടുകയായിരുന്നു. നീന്തൽ അറിയാമായിരുന്ന ആകാശ് തിരമാലകളോട് പൊരുതി സുരക്ഷിതമായി കരയിലെത്തി. പരിക്കേറ്റ ആകാശിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
അപകടത്തെത്തുടർന്ന് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (SDRF), തീരദേശ സുരക്ഷാ പോലീസ്, ഹോം ഗാർഡ്സ്, ഉള്ളാൾ പോലീസ് എന്നിവരുടെ നേതൃത്വത്തിൽ കടലിൽ വിപുലമായ തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ കാണാതായ അതേ സ്ഥലത്തുനിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടേപുരയിലെ പ്രാദേശിക മത്സ്യത്തൊഴിലാളികൾ വള്ളത്തിലെത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.
മാതാപിതാക്കളുടെ ഏകമകനാണ് മരിച്ച ശോഭിത്. സംഭവത്തിൽ ഉള്ളാൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.














Leave a Reply