അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ കൂറ്റൻ രാജവെമ്പാല; ബന്തടുക്കയിൽ വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബന്തടുക്ക: വീട്ടിലെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ ഒളിച്ചിരുന്ന കൂറ്റൻ രാജവെമ്പാലയെ വനംവകുപ്പ് പിടികൂടി. ബന്തടുക്ക മാണിമൂലയിലെ പി.കെ. ബാലകൃഷ്ണന്റെ വീട്ടിലാണ് എട്ടടിയോളം നീളമുള്ള രാജവെമ്പാല ഭീതി പരത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
അടുക്കള വാതിൽ തുറന്നിട്ട നേരത്താണ് പാമ്പ് അകത്തു കടന്നതെന്നാണ് കരുതുന്നത്. പാത്രങ്ങൾ അടുക്കിവെച്ച ഭാഗത്ത് അസാധാരണമായ ചലനം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പാത്രങ്ങൾക്കിടയിൽ ചുരുണ്ടുകൂടിയിരിക്കുന്ന രാജവെമ്പാലയെ കണ്ടത്. ഉടൻ തന്നെ പരിഭ്രാന്തരായ വീട്ടുകാർ പുറത്തിറങ്ങി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ബോവിക്കാനത്തു നിന്നും വനംവകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഉദ്യോഗസ്ഥർ പാമ്പിനെ സുരക്ഷിതമായി പിടികൂടി ചാക്കിലാക്കി. പിടികൂടിയ രാജവെമ്പാലയ്ക്ക് എട്ടടിയോളം നീളവും 16 കിലോയോളം തൂക്കവുമുണ്ട്.
ജനവാസ മേഖലയിലെ വീട്ടിൽ, അതും നിത്യവും ഉപയോഗിക്കുന്ന അടുക്കളയിൽ ഇത്രയും വലിയ വിഷപ്പാമ്പ് എത്തിയത് നാട്ടുകാരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ സമയബന്ധിതമായ ഇടപെടലിലൂടെ വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ബാലകൃഷ്ണനും കുടുംബവും. പിടികൂടിയ പാമ്പിനെ പിന്നീട് ഉൾവനത്തിലേക്ക് തുറന്നുവിടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *