കാസർകോട്: മുൻ കോൺഗ്രസ് പ്രവർത്തകനും കിസാൻ സേനയുടെ സംസ്ഥാന-ജില്ലാ നേതാവുമായ ഷുക്കൂർ കാണാജെയെ (55) മരിച്ച നിലയിൽ കണ്ടെത്തി. കാണാജെയിലുള്ള തന്റെ തറവാട് വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ പതിവുപോലെ പുത്തിഗെ കട്ടത്തടുക്കയിലെ വീട്ടിൽ നിന്നും കാണാജെയിലെ തോട്ടത്തിലേക്ക് പോയതായിരുന്നു ഷുക്കൂർ. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും അദ്ദേഹം തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിലാണ് തോട്ടത്തിന് സമീപത്തെ തറവാട് വീടിനുള്ളിൽ ഷുക്കൂറിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്ക് ഷുക്കൂർ മത്സരിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല.
കാസർകോട് ജില്ലയിലെ നിരവധി കർഷക സമര പോരാട്ടങ്ങൾക്ക് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. ഷുക്കൂറിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
സസ്മയാണ് ഭാര്യ. മക്കൾ: ഫാത്തിമത്ത് സുസ, സസ, സിസാൻ. സഹോദരങ്ങൾ: അലി, അസീസ്, നസീമ, പരേതയായ ഉമ്മാലി.
മുൻ കോൺഗ്രസ് നേതാവ് ഷുക്കൂർ കാണാജെ തറവാട് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ













Leave a Reply