കാസർകോട്: ഷിറിയ പുഴ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മണൽക്കടത്തിനെതിരെ കുമ്പള പൊലീസിന്റെ ശക്തമായ നടപടി. പാച്ചാണി കടവിൽ നിന്ന് കടത്തുകയായിരുന്ന മണലുമായി രണ്ട് ലോറികൾ പൊലീസ് പിടികൂടി. പൊലീസ് പിന്തുടരുന്നതിനിടെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഇറങ്ങിയോടിയതിനെ തുടർന്ന് ഒരു ലോറി റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു.
വെള്ളിയാഴ്‌ച രാവിലെ എസ്.ഐ എസ്. അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. രഹസ്യവിവരത്തെ തുടർന്ന് പാച്ചാണിയിലെ കടവിലെത്തിയ പൊലീസ് സംഘം, ബി.സി റോഡിന് സമീപത്തുവെച്ച് മണലുമായി പോവുകയായിരുന്ന ആദ്യത്തെ ലോറി തടഞ്ഞു. എന്നാൽ പൊലീസിനെ കണ്ടയുടൻ ഡ്രൈവർ വാഹനം നിർത്തി ഓടി രക്ഷപ്പെടുകയായിരുന്നു.
നാടകീയമായ ചേസിങ്; ലോറി തോട്ടിലേക്ക് മറിഞ്ഞു
ഇതിനിടെ അതുവഴി വന്ന രണ്ടാമത്തെ ലോറിക്ക് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ വേഗത്തിൽ മുന്നോട്ട് പോയി. തുടർന്ന് പൊലീസ് സംഘം ലോറിയെ പിന്തുടർന്നു. സുബയ്യക്കട്ടയിലെ നീർപന്തി എന്ന സ്ഥലത്തെ കയറ്റത്തിലെത്തിയപ്പോൾ ഡ്രൈവർ ലോറിയിൽ നിന്ന് റോഡിലേക്ക് ചാടി ഇറങ്ങിയോടി. ഇതോടെ നിയന്ത്രണം വിട്ട ലോറി പിറകോട്ട് നീങ്ങി റോഡരികിലെ തോട്ടിലേക്ക് മറിയുകയായിരുന്നു.
ലോറിയിലുണ്ടായിരുന്ന മണൽ മുഴുവൻ തോട്ടിലേക്ക് പതിച്ചു. പിന്നീട് ക്രെയിൻ എത്തിച്ചാണ് വാഹനം തോട്ടിൽ നിന്ന് ഉയർത്തി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. പിടിച്ചെടുത്ത മണലിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
കേസ് രജിസ്റ്റർ ചെയ്തു; പരിശോധന തുടരും
കണ്ടാലറിയാവുന്ന രണ്ട് ഡ്രൈവർമാർക്കെതിരെ നിയമവിരുദ്ധമായി മണൽ കടത്തിയതിനും സർക്കാർ സ്വത്ത് മോഷ്ടിച്ചതിനും പൊലീസ് കേസെടുത്തു. റെയ്‌ഡിൽ എ.എസ്.ഐ അതുൽ റാം, സി.പി.ഒ സുധീഷ് എന്നിവരും പങ്കെടുത്തു. വരുംദിവസങ്ങളിലും പുഴകൾ കേന്ദ്രീകരിച്ചുള്ള അനധികൃത മണൽക്കടത്തിനെതിരെ കർശനമായ പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.














Leave a Reply