സൗദിയിലെ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവൽക്കരണം കര്‍ശനമാക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവൽക്കരണം (സൗദിവൽക്കരണം) കണിശമായി നടപ്പിലാക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകി. ഇതിനായുള്ള നടപടിക്രമങ്ങൾ ഈ മാസം 18-നകം (നവംബർ 18) പൂർത്തിയാക്കണമെന്നാണ് ഉത്തരവ്. സ്വകാര്യ മേഖലയിലെ കായിക രംഗത്ത് സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കായിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതിയ നിർദേശപ്രകാരം പുരുഷന്മാരുടെയും സ്ത്രീകളുടെയും ഫിറ്റ്‌നസ് സെന്ററുകളിലും ജിമ്മുകളിലും ആകെ ജീവനക്കാരുടെ 15 ശതമാനം സ്വദേശികളായിരിക്കണം. നാലോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാ സ്പോർട്സ് സ്ഥാപനങ്ങൾക്കും ഈ നിബന്ധന ബാധകമാണ്.

പ്രധാന തസ്തികകളായ സ്പോർട്സ് കോച്ച്, പ്രൊഫഷണൽ ഫുട്ബോൾ കോച്ച്, വാട്ടർ സ്പോർട്സ് കോച്ച്, സ്പോർട്സ് സൂപ്പർവൈസർ, ഐസ് സ്പോർട്സ് കോച്ച്, മാർഷ്യൽ ആർട്സ് കോച്ച് തുടങ്ങിയ മേഖലകളിലാണ് സ്വദേശിവൽക്കരണം നിർബന്ധമാക്കുന്നത്.

നിർദേശങ്ങൾ പാലിച്ച് സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് റിക്രൂട്ട്‌മെന്റിനും തൊഴിൽ പരിശീലനത്തിനുമായി മന്ത്രാലയത്തിന്റെ പ്രത്യേക ആനുകൂല്യങ്ങളും ‘ഹദഫ്’ (HRDF) പദ്ധതി വഴിയുള്ള പിന്തുണയും ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *