മംഗൽപാടി: മംഗൽപാടി ചെറുഗോളി സ്വദേശിയും മുൻ പ്രവാസിയുമായ സത്താർ അന്തരിച്ചു. ഇന്നലെ രാത്രി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ സുഹറയും പ്ലസ് ടു വിദ്യാർത്ഥി അടക്കം മൂന്ന് മക്കളുമുണ്ട്. അഷ്റഫ് ചെറുഗോളിയാണ് ഏക സഹോദരൻ. മൂന്ന് സഹോദരിമാരുമുണ്ട്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം ചെറുഗോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
സത്താറിന്റെ അപ്രതീക്ഷിത വേർപാടിൽ പ്രദേശം ദുഃഖത്തിലാണ്ടു. മരണവിവരമറിഞ്ഞ് ഇന്നലെ രാത്രി മുതൽ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണ് അവസാനമായി ഒരു നോക്ക് കാണാൻ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ്, മറ്റു ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
നാടിന്റെ പ്രിയപ്പെട്ടവനെയാണ് തങ്ങൾക്ക് നഷ്ടമായതെന്നും സത്താറിന്റെ പെട്ടെന്നുള്ള വിയോഗം മനസ്സിനെ ഏറെ വേദനിപ്പിക്കുന്നുവെന്നും നാട്ടുകാരനും പൊതുപ്രവർത്തകനുമായ സൈതു ചെറുഗോളി അനുസ്മരിച്ചു. നാടിന് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്താറുമായി തങ്ങളുടെ കുടുംബത്തിന് വലിയൊരു ആത്മബന്ധമാണ് ഉള്ളതെന്ന് പ്രമുഖ വ്യക്തിത്വം മൂസ അടക്ക ഓർത്തെടുത്തു. മൂന്ന് വർഷം മുമ്പ് തന്റെ പ്രിയപ്പെട്ട ഉമ്മ വിടപറഞ്ഞ സമയത്ത് സഹോദരീഭർത്താവിനൊപ്പം ആശുപത്രിയിലെത്തി ആശ്വാസ വാക്കുകൾ നൽകിയ സത്താറിന്റെ ആ സ്നേഹബന്ധം ഒരിക്കലും മറക്കാനാവില്ലെന്ന് അദ്ദേഹം ഹൃദയവേദനയോടെ പറഞ്ഞു. ആഴ്ചകൾക്ക് മുമ്പ് പോലും കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം സത്താർ തമാശകൾ പങ്കുവെച്ച് സന്തോഷത്തോടെ സമയം ചിലവഴിച്ചിരുന്നുവെന്നും എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹമെന്നും മൂസ അടക്ക അനുസ്മരിച്ചു.














Leave a Reply