ആൾമറയില്ലാത്ത കിണറ്റിൽ വീണ് പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി; കണ്ണീരണിഞ്ഞ് നാട്

കാസർകോട്: ഓണാഘോഷ പരിപാടിക്കിടെ ആൾമറയില്ലാത്ത പൊട്ടക്കിണറ്റിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 14 വയസ്സുകാരൻ മരണത്തിന് കീഴടങ്ങി. കൊടക്കാട് ആനിക്കാടി സ്വദേശി സനൂപ് (14) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്.

വ്യാഴാഴ്ച രാത്രി ചെമ്പ്രകാനത്ത് നടന്ന ഓണാഘോഷ പരിപാടിക്കെത്തിയതായിരുന്നു സനൂപും സുഹൃത്തുക്കളും. പരിപാടി നടന്നുകൊണ്ടിരിക്കെ സുഹൃത്തുക്കൾക്കൊപ്പം മൂത്രമൊഴിക്കാൻ പോയ സമയത്താണ് ആൾമറയില്ലാത്ത പൊട്ടക്കിണറ്റിൽ കുട്ടി അബദ്ധത്തിൽ കാൽവഴുതി വീണത്.

ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കിണറ്റിൽ നിന്ന് കുട്ടിയെ പെട്ടെന്ന് കരയ്ക്കുകയറ്റാൻ സാധിച്ചില്ല. വിവരമറിഞ്ഞ് ചീമേനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് ഒടുവിൽ സനൂപിനെ കരക്കെത്തിച്ചത്. കിണറ്റിൽ നിന്ന് പുറത്തെടുത്തയുടൻ സി.പി.ആർ നൽകി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

തിമിരി എം.കെ.എസ് ഹൈസ്‌കൂളിലെ പത്താംതരം വിദ്യാർഥിയാണ് സനൂപ്. കൂടാതെ ബാലസംഘം ആനിക്കാട് യൂണിറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചുവരികയായിരുന്നു.

  • പിതാവ്: ധനേഷ് (കൊടക്കാട്)
  • മാതാവ്: സവിത
  • സഹോദരി: സനുഷ

Leave a Reply

Your email address will not be published. Required fields are marked *