കാസർകോട്: കുമ്പളയിൽ ഗൃഹനാഥനെയും കുടുംബത്തെയും ബന്ധിയാക്കി 42 പവൻ സ്വർണവും കാൽ ലക്ഷം രൂപയും കൊള്ളയടിച്ച കേസിലെ പിടികിട്ടാപ്പുള്ളി ക്രൈംബ്രാഞ്ചിന്റെ വലയിലായി. കർണാടക സ്വദേശിയായ സംബ്യ അസീസ് എന്ന അബ്ദുൽ അസീസിനെയാണ് (58) വ്യാഴാഴ്ച രാവിലെ കർണാടകയിലെ പുത്തൂരിൽ വച്ച് കാസർകോട് ക്രൈംബ്രാഞ്ച് സംഘം സാഹസികമായി അറസ്റ്റ് ചെയ്തത്.
കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. മധുസൂദനൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർമാരായ ശ്രീകുമാർ, സഞ്ജയ്, എസ്.ഐമാരായ രവീന്ദ്രൻ, പ്രമോദ്, വിനോദ്, പൊലീസുകാരായ ഗോപൻ, രാജീവൻ, രാജേഷ് മടിക്കൈ, ഡ്രൈവർ രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
നാടിനെ നടുക്കിയ സിനിമാറ്റിക് കൊള്ള
2012 ഡിസംബർ 22-നാണ് കാസർകോടിനെ ഒന്നാകെ വിറപ്പിച്ച കവർച്ച നടന്നത്. കുമ്പള അനിൽ കുംബ്ലെ റോഡിലെ താമസക്കാരനും മംഗളൂരുവിൽ ട്രാൻസ്പോർട്ട് ഓപ്പറേറ്ററുമായ രാജേഷ് ഷേണായിയുടെ (44) വീട്ടിലായിരുന്നു കവർച്ച സംഘം അക്രമം അഴിച്ചുവിട്ടത്.
സംഭവദിവസം രാത്രി 7.45-ഓടെ മുഖംമൂടി ധരിച്ചെത്തിയ സംഘം വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറുകയായിരുന്നു. തുടർന്ന് ആയുധങ്ങൾ കാട്ടി രാജേഷ് ഷേണായിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി സ്വർണവും പണവും ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞതോടെ രാജേഷിന്റെ മുഖത്തേക്ക് മയക്കുമരുന്ന് ദ്രാവകം സ്പ്രേ ചെയ്യുകയായിരുന്നു. അദ്ദേഹം ബോധരഹിതനായതോടെ വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ കൈകൾ പിന്നിലേക്ക് കെട്ടിയിടുകയും വായയിൽ പ്ലാസ്റ്റർ ഒട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവർ ധരിച്ചിരുന്ന ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും കവർന്ന് സംഘം രക്ഷപ്പെടുകയായിരുന്നു.
സംഭവം പുറത്തറിയുന്നത് രാത്രി ഒൻപതോടെ
രാത്രി ഒൻപത് മണിയോടെ കുടുംബസുഹൃത്തായ ഡോ. വാണി തന്റെ വീടിന്റെ ഗൃഹപ്രവേശന കർമ്മത്തിന് ക്ഷണിക്കാനായി രാജേഷ് ഷേണായിയുടെ വീട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്.
കേസിൽ ഉൾപ്പെട്ട 10 പ്രതികളെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ നാല് പ്രതികൾ ഒളിവിലാവുകയും ഇവരെ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇവരിൽ ഏറ്റവും പ്രധാനിയായ അബ്ദുൽ അസീസ് ആണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരിക്കുന്നത്.













Leave a Reply