കാസർകോട്: മാതാപിതാക്കൾ ക്ഷേത്ര ദർശനത്തിനും മക്കൾ കോളേജിലും സ്കൂളിലും പോയ സമയത്ത് വീട് തുറന്ന് വൻ കവർച്ച. പൈവളിഗെ കുരുടപ്പദവിലെ സുബ്രായ സായയുടെ വീട്ടിൽ നിന്നാണ് 110 ഗ്രാം സ്വർണ്ണവും 20,000 രൂപയും മോഷ്ടാക്കൾ കവർന്നത്. സംഭവത്തിൽ സുബ്രായ സായയുടെ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2026 മാർച്ച് 9-നും 23-നും ഇടയിലുള്ള ദിവസങ്ങളിലാണ് കവർച്ച നടന്നതെന്നാണ് സംശയിക്കുന്നത്. പരാതിക്കാരനായ സുബ്രായ സായയും ഭാര്യയും കർണ്ണാടകയിലെ പ്രശസ്തമായ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നാഗ പൂജയ്ക്കായി പോയതായിരുന്നു. ഈ സമയത്ത് ഇവരുടെ മക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
സംഭവദിവസം മൂത്ത മകൻ കോളേജിലേയ്ക്കും ഇളയ കുട്ടികൾ പൈവളിഗെ സ്കൂളിലേയ്ക്കും പോയതോടെ വീട് ആളൊഴിഞ്ഞ നിലയിലാവുകയായിരുന്നു. വീടിന് സമീപത്ത് തന്നെയാണ് ഇവർ താക്കോൽ സൂക്ഷിച്ചിരുന്നത്. ഈ സ്ഥലത്തുനിന്നും താക്കോൽ കൈക്കലാക്കിയ മോഷ്ടാവ്, വീട് സുരക്ഷിതമായി തുറന്ന് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവരുകയായിരുന്നു.
ഡയമണ്ട് നെക്ലേസ്, വളകൾ, കമ്മൽ, മോതിരം, മാലകൾ ഉൾപ്പെടെയുള്ള 110 ഗ്രാം സ്വർണ്ണാഭരണങ്ങളും ഇരുപതിനായിരം രൂപയുമാണ് വീട്ടിൽ നഷ്ടപ്പെട്ടിട്ടുള്ളതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം പുറത്തറിയുന്നത്. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സംശയമുള്ളവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.













Leave a Reply