കാഞ്ഞങ്ങാട്: ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ വിളംബരമായി നാടെങ്ങും ബ്രസീലിന്റെയും അർജന്റീനയുടെയും പോർച്ചുഗലിന്റെയും കൂറ്റൻ ഫ്ലക്സുകൾ ഉയരുമ്പോൾ, കാസർകോട് കാഞ്ഞങ്ങാട്ട് നിന്ന് തികച്ചും വേറിട്ടൊരു ദേശസ്നേഹത്തിന്റെ വാർത്ത ശ്രദ്ധേയമാകുന്നു. ലോകകപ്പിൽ ഇന്ത്യ കളിക്കുന്നില്ലെങ്കിലും, ഞങ്ങൾ ഞങ്ങളുടെ മാതൃരാജ്യത്തിന്റെ ടീമിനൊപ്പമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്തിറങ്ങിയിരിക്കുകയാണ് മടിക്കൈ കാരക്കോട്ടെ ഒരു കൂട്ടം യുവാക്കൾ.
മലയോരഗ്രാമമായ മടിക്കൈ കാരക്കോട്ടെ ‘പുലരി ക്ലബ്’ പ്രവർത്തകരാണ് ഇന്ത്യൻ ടീമിന്റെ കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് രാജ്യസ്നേഹത്തിന്റെ വേറിട്ട സന്ദേശം സമൂഹത്തിന് നൽകുന്നത്. നാടിന്റെ മുക്കിലും മൂലയിലും വിദേശ രാജ്യങ്ങളുടെയും അന്യനാട്ടിലെ കളിമിടുക്കന്മാരുടെയും കട്ടൗട്ടറുകൾ ഉയരുമ്പോഴാണ് പുലരിയിലെ യുവാക്കൾ ഈ വേറിട്ട വഴി തിരഞ്ഞെടുത്തത്.
“വൺ ഡേ വി വിൽ കം (One Day We Will Come) – TEAM INDIA FANS KARAKKODER” എന്നാണ് ഇവർ സ്ഥാപിച്ച ആശംസാ ബോർഡിലെ പ്രധാന വാചകം.
ഒരു നാൾ നമ്മുടെ രാജ്യത്തിന്റെ ഫ്ലക്സുകളും ഇതുപോലെ നാടിന്റെ മുക്കിലും മൂലയിലും ഉയരുമെന്നതിൽ തങ്ങൾക്ക് യാതൊരു സംശയവുമില്ലെന്ന് ഇവർ ഉറപ്പിച്ചു പറയുന്നു. അതുകൊണ്ട് തന്നെയാണ് ഇപ്പോഴേ തങ്ങൾ നമ്മുടെ സ്വന്തം രാജ്യത്തിന്റെ ടീമിനൊപ്പം നിൽക്കാൻ തീരുമാനിച്ചതെന്നും യുവാക്കൾ വ്യക്തമാക്കുന്നു.
ലോകോത്തര ടീമുകളുടെ മികവിനെ പൂർണ്ണമായി അംഗീകരിക്കുമ്പോഴും, മാതൃരാജ്യത്തെ മറന്ന് അന്യരാജ്യങ്ങളുടെ കൊടിപിടിക്കാൻ തങ്ങളുടെ മനസ്സ് അനുവദിക്കുന്നില്ലെന്നാണ് ഈ ബോർഡിലൂടെ പുലരി ക്ലബ് പ്രവർത്തകർ വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയയിലടക്കം ഇപ്പോൾ തരംഗമാകുന്ന ഈ ഫ്ലക്സ് ബോർഡിൽ ഹൃദയം തൊടുന്ന വരികളും ഇവർ കുറിച്ചിട്ടുണ്ട്:
“ഫുട്ബോൾ ഞങ്ങൾക്കും ലഹരിയാണ്. നല്ല കളിക്കാരെ ഞങ്ങൾ ആദരിക്കും. പക്ഷേ, പെറ്റമ്മയെയും പിറന്ന നാടിനെയും മാതൃരാജ്യത്തെയും മറന്ന് മറ്റൊരു രാജ്യത്തിന്റെ കൊടിപിടിക്കാൻ ഞങ്ങളെ കിട്ടില്ല…”
വിദേശ താരങ്ങളെ നെഞ്ചിലേറ്റുന്ന മലയാളി ഫുട്ബോൾ പ്രേമികൾക്കിടയിൽ, മാതൃരാജ്യത്തോടുള്ള സ്നേഹവും ഇന്ത്യൻ ഫുട്ബോളിനോടുള്ള പിന്തുണയും പരസ്യമായി പ്രഖ്യാപിച്ച കാരക്കോട്ടെ യുവാക്കളുടെ ഈ വേറിട്ട വഴി വലിയ രീതിയിലാണ് നാട്ടുകാർക്കിടയിലും സോഷ്യൽ മീഡിയയിലും കയ്യടി നേടുന്നത്.












Leave a Reply