കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തി പരോള്‍ നിഷേധിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. കേസിലെ പ്രതികളായ ജിജിന്‍, സുബീഷ് എന്നിവരുടെ മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
പ്രദേശത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ജയില്‍ അധികൃതര്‍ പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാതിരുന്നത്. ഈ നടപടിയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
നേരത്തെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചപ്പോള്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നും, ഒരേസമയം ഒന്നില്‍ കൂടുതല്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കരുതെന്നും വ്യവസ്ഥകള്‍ വെച്ചിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതി തന്നെ ഈ നിബന്ധനകള്‍ റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ ജയില്‍ അധികൃതര്‍ പരോള്‍ നിഷേധിച്ചതോടെയാണ് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി പ്രതികളുടെ രക്ഷിതാക്കള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയാണ് കോടതി ഇപ്പോള്‍ തള്ളിയിരിക്കുന്നത്.














Leave a Reply