ഡൽഹിയിൽ പോയി പൊലീസിനെ ആക്രമിക്കണം, ഭരണഘടന കത്തിക്കണം; വ്‌ളോഗർ ഒ കെ അനാഷിനെതിരെ കേസ്

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ കലാപാഹ്വാനം നടത്തിയ സംഭവത്തിൽ വ്‌ളോഗർ ‘ഒ കെ അനാഷ്’ എന്ന മുഹമ്മദ് അനസിനെതിരെ കേസെടുത്ത് പൊലീസ്. ഡൽഹിയിൽ പോയി പൊലീസുകാരെ ആക്രമിക്കണമെന്നും രാജ്യത്ത് കലാപമുണ്ടാക്കണമെന്നും ആഹ്വാനം ചെയ്യുന്ന രീതിയിൽ വീഡിയോ പങ്കുവെച്ചതിനാണ് കോഴിക്കോട് ഫറോക്ക് പൊലീസ് നടപടിയെടുത്തത്.

നേപ്പാളിലും ശ്രീലങ്കയിലും നടന്നതുപോലെ ഇന്ത്യയിലും ഭരണഘടന കത്തിക്കണമെന്നും പാർലമെന്റും ഹൈക്കോടതിയും കത്തിക്കാനുള്ള അവസരമാണിതെന്നുമടക്കമുള്ള ഗുരുതരമായ പരാമർശങ്ങളാണ് ഇയാൾ വീഡിയോയിൽ നടത്തിയത്. കൂടാതെ ഡൽഹിയിൽ ചോരപ്പുഴ ഒഴുക്കണമെന്നും പൊലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണമെന്നും ഇയാൾ വീഡിയോയിലൂടെ ആഹ്വാനം ചെയ്തിരുന്നു.

ബിജെപി പ്രവർത്തകൻ നൽകിയ പരാതിയിലാണ് ഫറോക്ക് പൊലീസ് വ്‌ളോഗർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

സംഭവം സോഷ്യൽ മീഡിയയിൽ വൻ വിവാദമാവുകയും വീഡിയോ വൈറലാവുകയും ചെയ്തതോടെ, മുഹമ്മദ് അനസ് വീഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് തെറ്റ് പറ്റിയതാണെന്ന് സമ്മതിച്ച് മാപ്പപേക്ഷിച്ചുകൊണ്ടുള്ള മറ്റൊരു വീഡിയോയും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഗുരുതര നിയമലംഘനം ചൂണ്ടിക്കാട്ടി പൊലീസ് ഇയാൾക്കെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *