കാഞ്ഞങ്ങാട്: പടന്നക്കാട് ദേശീയപാതയിൽ കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പടന്നക്കാട് സ്വദേശികളായ ജമാൽ സി.പി, അസീബ്, കാഞ്ഞങ്ങാട് സൗത്ത് സ്വദേശി അഫ്സൽ പി എന്നിവരാണ് ഹോസ്ദുർഗ് പോലീസിന്റെ പിടിയിലായത്.
പടന്നക്കാട് റെയിൽവേ മേൽപ്പാലത്തിന് സമീപം ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ അബ്ദുൾ ബാസിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫും ചേർന്ന് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് നീലേശ്വരം ഭാഗത്തേക്ക് വരികയായിരുന്ന KL 60 X 4152 നമ്പർ മാരുതി സ്വിഫ്റ്റ് കാർ തടഞ്ഞുനിർത്തിയാണ് പോലീസ് പരിശോധന നടത്തിയത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ദേഹപരിശോധനയിൽ അഫ്സലിന്റെ പക്കൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.900 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കൂടാതെ കാറിന്റെ ഡാഷ്‌ബോർഡിൽ നിന്ന് സിറിഞ്ചും, ഇവരുടെ പക്കലുണ്ടായിരുന്ന രണ്ട് ഐഫോണുകൾ ഉൾപ്പെടെ മൂന്ന് മൊബൈൽ ഫോണുകളും കടത്തിന് ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.













Leave a Reply