നീലേശ്വരം: നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ സർവീസ് റോഡ്, ഓവുചാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻപ് നിശ്ചയിച്ച പ്രകാരം ഇന്ന് (ജൂൺ 20) ആർ.ഡി.ഒ മനോജ് കെ.ആർ നിർമ്മാണ സ്ഥലങ്ങളിൽ നേരിട്ടെത്തി സംയുക്ത പരിശോധന നടത്തി. ജനകീയ സമര സമിതി ഭാരവാഹികളെയും ഒപ്പം കൂട്ടിയാണ് അദ്ദേഹം പണികളുടെ പുരോഗതി നേരിട്ട് വിലയിരുത്തിയത്.
രാജാ റോഡ് മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഇലക്ട്രിക് പോസ്റ്റിന് സമീപം ഓവുചാൽ അശാസ്ത്രീയമായി വളച്ചു നിർമ്മിക്കുന്നതിനെതിരെ സമരസമിതി ശക്തമായ തെളിവുകൾ നിരത്തിയിരുന്നു. ആർ.ഡി.ഒ.യുടെ അടിയന്തര ഇടപെടലിൽ ഈ ഭാഗത്തെ വളവ് പൂർണ്ണമായും മാറ്റി, ഓവുചാൽ കൃത്യമായ രീതിയിൽ നേരെയാക്കിക്കൊണ്ടുള്ള നിർമ്മാണം മുന്നോട്ട് പോവുകയാണ്. ശ്മശാനം റോഡിൻ്റെ എൻട്രിയിൽ തകർന്നു കിടന്നിരുന്ന അപകടാവസ്ഥയിലുള്ള സ്ലാബ് മാറ്റി, അവിടെ താത്കാലികമായി ശക്തമായ ഇരുമ്പ് ഗ്രില്ല് (Grill) സ്ഥാപിച്ച് യാത്രാക്ലേശം പരിഹരിച്ചു. മാർക്കറ്റ് ജംഗ്ഷനിലും പരിസരങ്ങളിലും കടുത്ത പൊടിശല്യം കാരണം ജനജീവിതം ദുസ്സഹമായിരുന്നു. ടാറിംഗ് പൂർത്തിയാകുന്നത് വരെ ഇതിന് പരിഹാരമായി ദിവസേന മൂന്ന് നേരം വെള്ളം അടിക്കാനുള്ള ക്രമീകരണം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
നിർമ്മാണ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്ക് നേരിട്ട് കണ്ട് ബോധ്യപ്പെട്ട ആർ.ഡി.ഒ, കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷൻ പ്രതിനിധികൾക്ക് നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ശക്തമായ താക്കീത് നൽകി. മുൻപ് നിശ്ചയിച്ചതുപോലെ ജൂൺ 22-നകം (രണ്ട് ദിവസത്തിനകം) പ്രഖ്യാപിത പണികളെല്ലാം പൂർണ്ണമായും തീർത്തിരിക്കണമെന്ന കർശനമായ അന്ത്യശാസനമാണ് അദ്ദേഹം കരാറുകാർക്ക് നൽകിയത്. ഈ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കാത്ത പക്ഷം കരാർ കമ്പനിക്കെതിരെ കടുത്ത നിയമനടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.












Leave a Reply