പെരിയ: ദേശീയപാതയിലെ പെരിയ ബസാർ അടിപ്പാതയിൽ കോഴി കയറ്റിവന്ന പിക്കപ്പ് വാൻ കുടുങ്ങി സർവീസ് റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.
കെഎസ്ഇബി സെക്ഷൻ ഓഫീസ് ഭാഗത്തുനിന്ന് കിഴക്ക് ഭാഗത്തേക്ക് കടക്കാൻ ശ്രമിച്ച പിക്കപ്പാണ് അടിപ്പാതയുടെ മുകൾ ഭാഗത്ത് തട്ടി കുടുങ്ങിയത്. ഇതോടെ സർവീസ് റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഇരുവശങ്ങളിലേക്കും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതോടെ യാത്രക്കാരും ഡ്രൈവർമാരും പ്രതിഷേധത്തിലായി.
തുടർന്ന് ഏറെ പണിപ്പെട്ട് പിക്കപ്പ് വാനിന്റെ ടയറുകളിലെ കാറ്റ് അഴിച്ചുവിട്ട ശേഷമാണ് വാഹനം മുന്നോട്ട് നീക്കി കുരുക്കഴിക്കാൻ സാധിച്ചത്.
അടിപ്പാതയുടെ ഉയരക്കുറവും വീതിക്കുറവും ഭാവിയിൽ വലിയ ഗതാഗത തടസ്സത്തിന് കാരണമാകുമെന്ന് നിർമ്മാണ വേളയിൽ തന്നെ നാട്ടുകാർ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ നാട്ടുകാരുടെ പരാതികളും ആശങ്കകളും വകവെക്കാതെയാണ് അടിപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കിയതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഇതിനുപുറമെ, പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡിന്റെ വീതിക്കുറവും ഇതുവഴിയുള്ള വാഹനയാത്രയെ കൂടുതൽ ദുഷ്‌കരമാക്കുകയാണ്.












Leave a Reply