ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ‘നമസ്തേ കളക്ടർ’ പദ്ധതിയുടെ അഞ്ചാം പതിപ്പ് പൂർത്തിയായി

കാസർകോട്: ജില്ലയിലെ പുതുതലമുറയുടെ കാഴ്ചപ്പാടുകൾ നേരിട്ടറിയാനും വിദ്യാർത്ഥികളുമായി സംവദിക്കാനുമായി ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ‘നമസ്തേ കളക്ടർ’ പദ്ധതിയുടെ അഞ്ചാം പതിപ്പ് പൂർത്തിയായി. മഞ്ചേശ്വരത്തെ ഗേരുകട്ട ഉന്നതിയിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് ഇത്തവണ ജില്ലാ കളക്ടറുമായി ആശയവിനിമയം നടത്തിയത്. വിവിധ ക്ലാസുകളിൽ പഠിക്കുന്ന ഒട്ടേറെ വിദ്യാർത്ഥികൾ തങ്ങളുടെ സ്വപ്നങ്ങളും നാടിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പരിപാടിയിലൂടെ കളക്ടറുമായി പങ്കുവെച്ചു.
കുടുംബശ്രീ ജില്ലാ മിഷനാണ് വിദ്യാർത്ഥികൾക്ക് ജില്ലാ കളക്ടറുമായി സംവദിക്കാനുള്ള സൗകര്യം ഒരുക്കിയത്. കഴിഞ്ഞ തവണ മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക ഗവ. കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാരാണ് പദ്ധതിയുടെ ഭാഗമായത്. നേരത്തെ പൈവളികെ, ചെമ്മനാട്, ബാര ഗവ. ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികളും ജില്ലാ കളക്ടറുമായി സംവദിച്ചിരുന്നു. ഓരോ പതിപ്പിലും മികച്ച പങ്കാളിത്തമാണ് പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഗേരുകട്ട ഉന്നതിയിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് പിലിക്കോട്, കുടുംബശ്രീ കൊറഗ ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് കോർഡിനേറ്റർ യദുരാജ് എന്നിവരും പങ്കെടുത്തു. ‘നമസ്തേ കളക്ടർ’ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥി കൂട്ടായ്മകൾക്കും വിദ്യാലയങ്ങൾക്കും dcipksd@gmail.com എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *