കാസർകോട്: വലിയ സ്വപ്നങ്ങൾ കാണാനും അവ നേടിയെടുക്കാനുമുള്ള വിജയമന്ത്രം നിരന്തരമായ പരിശ്രമവും കഠിനാധ്വാനവും മാത്രമാണെന്ന് കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. കളക്ടറേറ്റിൽ വെച്ച് നടന്ന ‘നമസ്തേ കളക്ടർ’ പരിപാടിയിൽ കുട്ടികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സിവിൽ സർവീസ് യാത്രയിലെ പ്രതിസന്ധികളെക്കുറിച്ചും, അവയെല്ലാം മറികടന്ന് ഐ.എ.എസ് എന്ന സ്വപ്ന നേട്ടത്തിലേക്ക് എത്തിയ കഥയും കളക്ടർ പങ്കുവെച്ചപ്പോൾ കുട്ടികൾക്ക് അത് പുതിയൊരു ആവേശമായി. പാട്ടുകളും ചോദ്യത്തരങ്ങളും പൊട്ടിച്ചിരികളും നിറഞ്ഞ സൗഹൃദ സംഭാഷണങ്ങൾക്കാണ് കളക്ടറുടെ ചേംബർ സാക്ഷ്യം വഹിച്ചത്.
മധൂർ, കുമ്പള, ബദിയടുക്ക പഞ്ചായത്തുകളിലെ ‘ഉന്നതി’ പദ്ധതിയിൽ ഉൾപ്പെടുന്ന 26 വിദ്യാർത്ഥികളാണ് കളക്ടറെ നേരിട്ട് കാണാനും വിശേഷങ്ങൾ പങ്കുവെക്കാനുമായി കളക്ടറേറ്റിൽ എത്തിയത്. ജില്ലാ കുടുംബശ്രീ മിഷന്റെ പ്രത്യേക പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികളോട്, സ്വന്തം അവകാശങ്ങളും ആവശ്യങ്ങളും സമൂഹത്തോട് ചോദിച്ചു വാങ്ങാൻ പ്രാപ്തിയുള്ളവരായി വളരണമെന്ന് കളക്ടർ ഓർമ്മിപ്പിച്ചു.
ആഗ്രഹിച്ച നിമിഷം കൈനിറയെ സമ്മാനങ്ങൾ!
കുട്ടികളുടെ സാമൂഹ്യ പഠനമുറികളിലേക്ക് ആവശ്യമായ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പുനൽകി. ഇതിനിടെ, കളക്ടറോട് നേരിട്ട് ഒരു ബോൾ ആവശ്യപ്പെട്ട കുമ്പള സ്വദേശിയായ സൗരവിന് കളക്ടർ അപ്പോൾ തന്നെ ബോൾ സമ്മാനമായി നൽകി. കൂട്ടത്തിൽ തനിക്കൊരു സൈക്കിൾ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ച സന്ദേശ് എന്ന മിടുക്കന് എത്രയും വേഗം സൈക്കിൾ വാങ്ങി നൽകാൻ കുടുംബശ്രീ ജില്ലാ മിഷന് കളക്ടർ അടിയന്തര നിർദ്ദേശവും നൽകി.
പ്രിയപ്പെട്ട കളക്ടറെ അടുത്തു കണ്ട്, മനസ്സ് തുറന്ന് സംസാരിക്കാനും ആവശ്യങ്ങൾ അറിയിക്കാനും കഴിഞ്ഞതിന്റെ ഇരട്ടി മധുരവുമായാണ് കുട്ടികൾ കളക്ടറേറ്റിൽ നിന്ന് പടിയിറങ്ങിയത്. പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട്, അസി. പ്രോജക്ട് കോർഡിനേറ്റർ യദുരാജ്, മൂന്ന് പഞ്ചായത്തുകളിലെയും ആനിമേറ്റർമാർ എന്നിവർ പങ്കെടുത്തു.













Leave a Reply