കാസർകോട്: വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയും പണവുമായി യുവാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിന് സമീപത്തെ ബിസ്മില്ല വീട്ടിൽ ബി.എ. മുഹമ്മദ് സെമീറിനെയാണ് (30) പോലീസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 5.08 ഗ്രാം എം.ഡി.എം.എയും, 55,860 രൂപയും പോലീസ് കണ്ടെടുത്തു.
ഇന്നലെ രാത്രി മഞ്ചേശ്വരം പോലീസ് പ്രദേശത്ത് രാത്രികാല പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം. പോലീസ് സംഘത്തെ കണ്ടപ്പോൾ റെയിൽവേ സ്റ്റേഷൻ റോഡിലെ ഒരു വീടിന് സമീപം സംശയകരമായ സാഹചര്യത്തിൽ പതുങ്ങി നിൽക്കുകയായിരുന്നു സെമീർ. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ദേഹപരിശോധന നടത്തിയപ്പോഴാണ് പാന്റിന്റെ കീശയിൽ സൂക്ഷിച്ച നിലയിൽ മയക്കുമരുന്നും പണവും കണ്ടെത്തിയത്.
പിടിച്ചെടുത്ത തുക മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി. പ്രദേശത്തെ ലഹരി വിപണന ശൃംഖലയെക്കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.













Leave a Reply