മംഗളൂരു ജയിൽ കൊലപാതകക്കേസ്: 5 പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

മംഗളൂരു:

മംഗളൂരു ജില്ലാ ജയിലിനുള്ളിൽ തടവുകാരനായ മാഡൂർ യൂസഫ് കൊലചെയ്യപ്പെട്ട കേസിൽ അഞ്ച് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മംഗളൂരു സെക്കൻഡ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി വി.എൻ. ജഗദീഷാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനു പുറമെ പ്രതികൾ ഓരോരുത്തരും 76,000 രൂപ വീതം പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.

സുറത്കൽ സ്വദേശികളായ ലിതേഷ് പൂജാരി, ശോഭരാജ്, യുവരാജ്, ഉലൈബെട്ടു സ്വദേശി പ്രദീപ്, സുള്ള്യ സ്വദേശി ഉമേഷ് കൊമ്പാർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

2015 നവംബർ 2-നാണ് മംഗളൂരു ജയിലിനുള്ളിൽ വെച്ച് മാഡൂർ യൂസഫ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ബർക്കെ പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിൽ, അന്നത്തെ മംഗളൂരു സെൻട്രൽ സബ് ഡിവിഷൻ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ തിലക് ചന്ദ്രയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. മോഹൻ കുമാർ കോടതിയിൽ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *