മടിയൻകൂലോം ക്ഷേത്രപാലക ക്ഷേത്ര കലശ മഹോത്സവം: ഭക്തിസാന്ദ്രമായി ‘ഓലകൊത്തൽ’ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: ഉത്തരമലബാറിലെ പ്രശസ്തമായ മഡിയൻകൂലോം ക്ഷേത്രപാലക ക്ഷേത്ര കലശ മഹോത്സവത്തിന് തുടക്കം കുറിച്ച് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ‘ഓലകൊത്തൽ’ ചടങ്ങ് നടന്നു. അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയിൽ വരുന്ന അടോട്ട് കളരിയിലാണ് ചടങ്ങുകൾ നടന്നത്.

വിവിധ ആചാരക്കാരുടെയും അവകാശികളുടെയും സാന്നിധ്യത്തിൽ ജയേഷ് കൂട്ടായിക്കാരൻ കളരിക്ക് ഓലകൊത്തൽ ചടങ്ങ് നിർവ്വഹിച്ചു.

ആചാരപ്പെരുമയുടെ നാട്ടുവഴക്കം

ഏറെ ആചാര പ്രാധാന്യമുള്ളതാണ് മഡിയൻകൂലോത്തെ ഓലകൊത്തൽ ചടങ്ങ്. കലശത്തിന് ഓല കൊത്തിക്കഴിഞ്ഞാൽ പിന്നീട് കലശ മഹോത്സവം അവസാനിക്കുന്നത് വരെ കൂലോം പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓലയോ മരമോ മുറിക്കാൻ പാടില്ലെന്ന കർശനമായ നാട്ടുവഴക്കം ഇന്നും ഭക്ത്യാദരവുകളോടെ ജനങ്ങൾ പാലിച്ചുപോരുന്നു.

കൊത്തിയെടുത്ത ഓല കലശ ദിവസം രണ്ടായി പകുത്ത്, കൂലോത്തേക്ക് കലശവുമായി പോകുന്ന സമയത്ത് മുമ്പേ നടന്ന് മാർഗ്ഗ തടസ്സങ്ങൾ നീക്കുന്നതിനാണ് ഉപയോഗിക്കുന്നത്. പിന്നീട് കൂലോത്തെ കലശത്തറയ്ക്ക് മുന്നിൽ ഈ ഓലയിട്ടാണ് കലശപ്പന്തൽ ഒരുക്കുക.

മേയ് 22, 23 തീയതികളിലാണ് ലോകപ്രശസ്തമായ മഡിയൻ കൂലോം കലശ മഹോത്സവം അരങ്ങേറുന്നത്. ഉത്സവത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രത്തിൽ പൂർത്തിയായി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *