കാസർകോട്: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കാസർകോട് മടിക്കൈ പഞ്ചായത്തിലെ വെള്ളൂടയിൽ വീണ്ടും പുലിയിറങ്ങി. പ്രമുഖ ക്ഷീര കർഷകനായ സുരേഷിന്റെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന ഇടത്തരം വളർച്ചയെത്തിയ പശുക്കുട്ടിയെയാണ് പുലി കടിച്ചുകൊണ്ടുപോയി കൊന്നുതിന്നത്. ചെറുതും വലുതുമായി നാൽപ്പതോളം പശുക്കളുള്ള വലിയൊരു ഡയറി ഫാം നടത്തുന്നയാളാണ് സുരേഷ്.
ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ പതിവുപോലെ പശുക്കൾക്ക് തീറ്റ നൽകാനായി സുരേഷ് തൊഴുത്തിലെത്തിയപ്പോഴാണ് ഒരു പശുക്കുട്ടിയെ കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പരിസരമാകെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയായതിനാൽ കൂടുതൽ തിരച്ചിൽ നടത്താനാകാതെ വീട്ടുകാർ മടങ്ങുകയായിരുന്നു. എന്നാൽ ബുധനാഴ്ച രാവിലെ നാട്ടുകാരുടെ സഹായത്തോടെ വ്യാപകമായ തിരച്ചിൽ നടത്തിയപ്പോഴാണ് തൊഴുത്തിന് സമീപത്തെ കാട്ടിനുള്ളിൽ പശുക്കുട്ടിയുടെ ജഡം കണ്ടെത്തിയത്.
പശുക്കുട്ടിയെ പുലി വലിച്ചിഴച്ചുകൊണ്ടുപോയ പാടുകൾ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് പാതി ഭക്ഷിച്ച് ഉപേക്ഷിച്ച നിലയിൽ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമുൾപ്പെടെ വൻ ജനക്കൂട്ടം സ്ഥലത്തെത്തിയിട്ടുണ്ട്.
മൂന്ന് മാസങ്ങൾക്ക് മുൻപ് വരെ പുലിയുടെ സാന്നിധ്യമുണ്ടായിരുന്ന പ്രദേശമാണ് വെള്ളൂട. കഴിഞ്ഞ പത്ത് വർഷമായി ഇവിടെ പുലിശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. മുൻപ് വനംവകുപ്പ് ഇടപെട്ട് പ്രദേശത്ത് കൂടുവെച്ച് പുലിയെ പിടികൂടിയിരുന്നെങ്കിലും, വീണ്ടും ജനവാസ മേഖലയിൽ പുലിയിറങ്ങിയത് നാട്ടുകാരെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് പുലിയെ പിടികൂടാൻ കൂടുവെക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
കാസർകോട് വീണ്ടും പുലിപ്പേടിയിൽ; മടിക്കൈയിൽ തൊഴുത്തിൽ കെട്ടിയിട്ട പശുക്കുട്ടിയെ പുലി കടിച്ചുകൊന്നു













Leave a Reply