കാസർകോട്: കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും ജലജീവൻ മിഷൻ പദ്ധതിയിൽ ഗുരുതരമായ പാളിച്ചകളാണ് സംഭവിച്ചിട്ടുള്ളതെന്നും ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് സംഘ് (KWAES) കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സൗജന്യ കണക്ഷനാണെന്ന് പ്രഖ്യാപിച്ച്, ആവശ്യമില്ലാത്തവർക്ക് പോലും ഉദ്യോഗസ്ഥർ നിർബന്ധിച്ച് കണക്ഷൻ നൽകിയതായി ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇതിലൂടെ പേപ്പറിൽ കണക്ഷനുകളുടെ എണ്ണം വർദ്ധിച്ചെങ്കിലും യഥാർത്ഥത്തിൽ ജലം ലഭ്യമാകുന്ന ടാപ്പുകളുടെ എണ്ണം വളരെ കുറവാണ്. പൈപ്പിലൂടെ വെള്ളം വരാതിരിക്കുകയും എന്നാൽ കൃത്യമായി ബില്ല് വരാൻ തുടങ്ങുകയും ചെയ്തതോടെ, ഉപഭോക്താക്കൾ കണക്ഷൻ വിച്ഛേദിക്കാൻ ഓഫീസുകൾ കയറിയിറങ്ങുന്ന അവസ്ഥയാണുള്ളത്.
കൃത്യമായ ആസൂത്രണമില്ല; പ്ലാന്റുകളോ ടാങ്കുകളോ ഇല്ല
ജില്ലയിലെ കാറഡുക്ക, ദേലംപാടി, കുമ്പഡാജെ, ചെമ്മനാട് തുടങ്ങിയ പഞ്ചായത്തുകളിൽ വലിയ രീതിയിൽ പൈപ്പുകൾ സ്ഥാപിച്ച് കണക്ഷൻ നൽകിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിലൊന്നും ആവശ്യത്തിന് പ്ലാന്റുകളോ വാട്ടർ ടാങ്കുകളോ ഇതുവരെ സ്ഥാപിച്ചിട്ടില്ല. കൃത്യമായ ആസൂത്രണമില്ലാതെയും നിർവ്വഹണത്തിലെ വൻ വീഴ്ചകളെപ്പറ്റിയും സമഗ്രമായ ഒരു അന്വേഷണം സർക്കാർ പ്രഖ്യാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ബി.എം.എസ്. ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ വാഴക്കോട് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് എം.വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മധുസൂദനൻ കെ.പി., സംസ്ഥാന സെക്രട്ടറി വി.കെ. റജികുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കെ. മനോജ് കുമാർ സ്വാഗതവും സുരേഷ് പി. നന്ദിയും രേഖപ്പെടുത്തി.
കോടികൾ പൊടിച്ചിട്ടും കുടിവെള്ളമില്ല; ജലജീവൻ മിഷനിലെ പാളിച്ചകളിൽ അന്വേഷണം വേണമെന്ന് കെ.ഡബ്ല്യൂ.എ എംപ്ലോയീസ് സംഘ്













Leave a Reply