കുമ്പള: മഴ ശക്തമായതോടെ ഓടകളും ഓവുചാലുകളും അടഞ്ഞുപോയതിനെ തുടർന്ന് കുമ്പള ടൗണിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നു. മാലിന്യങ്ങൾ ചീഞ്ഞളുകി ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ കുമ്പള ടൗണും പരിസരപ്രദേശങ്ങളും കടുത്ത രോഗവ്യാപന ഭീതിയിലാണ്.
പഞ്ചായത്തിന്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കുമ്പളയിൽ ഒട്ടും കാര്യക്ഷമമായി നടപ്പിലാക്കിയില്ല എന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് ടൗണിലെ ഈ ദുരവസ്ഥ. സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ ഇപ്പോൾ മൂക്കുപൊത്തി വേണം ടൗണിലൂടെ നടന്നുപോകാൻ. ഭക്ഷണാവശിഷ്ടങ്ങൾ അടക്കമുള്ള ടൺ കണക്കിന് മാലിന്യങ്ങളാണ് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്നത്.
ഇത്തരത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ കുന്നുകൂടുന്നത് തെരുവ് നായകളുടെ ശല്യം വർദ്ധിക്കാനും കാരണമായിട്ടുണ്ട്. ടൗണിൽ പ്ലാസ്റ്റിക്കും മറ്റ് അഴുക്കുകളും വ്യാപകമായി നിക്ഷേപിക്കപ്പെടുന്നുണ്ടെങ്കിലും, ഇത് വലിച്ചെറിയുന്നവരെ കണ്ടെത്താൻ ടൗണിൽ എവിടെയും സിസിടിവി (CCTV) സംവിധാനമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ടൗണിൽ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാനും ജനങ്ങളുടെ രോഗവ്യാപന ഭീതി അകറ്റാനും ബന്ധപ്പെട്ട വകുപ്പുകളും ഭരണസംവിധാനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് മർച്ചന്റ്സ് യൂത്ത് വിംഗ് കുമ്പള യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് അഷ്റഫ് ലർ, സെക്രട്ടറി ഹൈദർ, ട്രഷറർ സിദ്ദീഖ് എന്നിവരാണ് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.













Leave a Reply