കുമ്പളയിൽ വീട്ടിൽ വൻ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

കുമ്പള: കുമ്പള ബദ്‌രിയ നഗറിൽ ജനവാസ മേഖലയെ ആശങ്കയിലാഴ്ത്തി വീടിന് തീപിടിച്ചു. ഇമാം ഷാഫി അക്കാദമിക്കു സമീപത്തെ ഹുസൈൻ കുഞ്ഞിയുടെ വീട്ടിലാണ് ശനിയാഴ്ച ഉച്ചയോടെ വൻ തീപിടിത്തമുണ്ടായത്. വീടിന് പുറത്തുള്ള അടുക്കളയിൽ നിന്നാണ് തീ പടർന്നത്.
ഉച്ചക്ക് ഒന്നരമണിയോടെയായിരുന്നു സംഭവം. ഗ്യാസ് സിലിണ്ടർ യഥാസമയം ലഭിക്കാത്തതിനെ തുടർന്ന് വിറക് ഉപയോഗിച്ചാണ് ഇവിടെ ഭക്ഷണം പാകം ചെയ്തിരുന്നത്. പാചകത്തിന് ശേഷം അടുപ്പിൽ നിന്ന് അപ്രതീക്ഷിതമായി തീ പടരുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന ഗ്രൈൻഡർ, മിക്സി തുടങ്ങിയ വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും സമീപത്തുണ്ടായിരുന്ന മറ്റ് സാധനങ്ങളിലേക്കും തീ അതിവേഗം ആളിപ്പടർന്നു.
തീപിടിക്കുന്ന സമയത്ത് ഗൃഹനാഥ വീട്ടിനുള്ളിൽ ജോലികളിലായിരുന്നതിനാൽ പുറത്തെ തീപിടിത്തം ആദ്യഘട്ടത്തിൽ ശ്രദ്ധയിൽ പെട്ടിരുന്നില്ല. അടുക്കളയിൽ നിന്ന് വൻതോതിൽ തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികളാണ് വീട്ടുകാരെ ഫോൺ വഴി വിവരം അറിയിച്ചത്.
ഉടൻ തന്നെ വീട്ടുകാർ ഉപ്പള ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തി സമയബന്ധിതമായി ഇടപെട്ടാണ് തീ പൂർണ്ണമായും അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *