കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഇറങ്ങുന്നതിനിടെ അപകടം: വയോധികയ്ക്ക് പരിക്ക്; നിർത്താതെ പോയ ഡ്രൈവർക്കെതിരെ കേസ്

ബേഡഡുക്ക: കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്തതിനെ തുടർന്ന് താഴേക്ക് വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. കുട്ടിക്കോൽ ശങ്കരമ്പാടി കുളിയങ്കല്ലിലെ ‘ഹൃദയം’ വീട്ടിൽ പി. തമ്പായി (75) ക്കാണ് പരിക്കേറ്റത്. നട്ടെല്ലിന് പരിക്കേറ്റ ഇവരെ ചെർക്കള ഇ.കെ. നായനാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടം നടന്നിട്ടും ബസ് നിർത്താതെ ഓടിച്ചുപോയ സംഭവത്തിൽ ഡ്രൈവർക്കെതിരെ ബേഡകം പോലീസ് കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ 6.10-ഓടെ കുട്ടിക്കോൽ ടൗണിലായിരുന്നു സംഭവം നടന്നത്.

ബസ് മാറിയത് വിനയായി; നടുക്കുന്ന ഓർമ്മ പങ്കുവെച്ച് മരുമകൾ

മരുമകൾ സ്നേഹയോടൊപ്പം വയനാട്ടിലേക്ക് പോകാനായാണ് തമ്പായി യാത്ര തിരിച്ചത്. പടുപ്പിൽ നിന്നും വന്ന കെ.എസ്.ആർ.ടി.സി ബസ് മാനന്തവാടിയിലേക്കുള്ളതാണെന്ന് തെറ്റിദ്ധരിച്ചാണ് ഇരുവരും ഇതിൽ കയറിയത്. എന്നാൽ ടിക്കറ്റെടുക്കുന്നതിനിടയിലാണ് ബസ് മാറിയ വിവരം ഇവർ അറിയുന്നത്. തുടർന്ന് കുട്ടിക്കോൽ ടൗണിൽ ഇറങ്ങി, പുറകെ വരുന്ന മാനന്തവാടി ബസിൽ കയറാമെന്ന് ഇവർ തീരുമാനിക്കുകയായിരുന്നു.

ബസ് കുട്ടിക്കോൽ ടൗണിൽ എത്തിയപ്പോൾ മരുമകൾ സ്നേഹ ആദ്യം പുറത്തിറങ്ങി. തൊട്ടുപിന്നാലെ തമ്പായി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ബസ് പെട്ടെന്ന് മുന്നോട്ട് എടുക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട വയോധിക ചവിട്ടുപടിയിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണു. തമ്പായി താഴേക്ക് വീഴുന്നത് കണ്ട് ബസിലെ യാത്രക്കാരും നാട്ടുകാരും ഒച്ചവെച്ച് ബഹളം വെച്ചിട്ടും ഡ്രൈവർ ബസ് നിർത്താൻ തയ്യാറാകാതെ വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നുവെന്ന് മരുമകൾ സ്നേഹ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *