എട്ടുവർഷമായി ഒളിവിൽ; കന്നുകാലി മോഷണക്കേസ് പ്രതി കാപ്പിരി സിദ്ദീഖ് പിടിയിൽ

മംഗളൂരു: കന്നുകാലി മോഷണം, കശാപ്പ് തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായി എട്ടുവർഷമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞുവന്ന കാസർകോട് സ്വദേശി പിടിയിലായി. ഉപ്പള സ്വദേശിയായ കാപ്പിരി സിദ്ദീഖ് എന്ന അബൂബക്കർ സിദ്ദീഖിനെയാണ് മംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. 2018 മുതൽ ഒളിവിൽ പോയ ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ചിരുന്നു.
മംഗളൂരു സിറ്റി പരിധിയിലെ ഉള്ളാൾ, കോണാജെ, കങ്കനാടി തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഈ കേസുകളിലൊന്നും കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു സിദ്ദീഖ്. പ്രതി നിരന്തരം കോടതി സമൻസുകൾ അവഗണിച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനായി മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് സിദ്ദീഖിനെ വലയിലാക്കിയത്. ഇയാളുടെ ഒളിത്താവളത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾക്കൊപ്പം സംഘത്തിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *