കണ്ണൂർ: നിരവധി കഞ്ചാവ് കടത്ത് കേസുകളിൽ പ്രതിയായ ഇരിട്ടി മട്ടിണി സ്വദേശി കിഴക്കുംപുറം കെ.ടി. ജോസിനെ (56) 13 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. ലഹരി വിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തുഫാന്റെ’ ഭാഗമായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ആന്ധ്രാപ്രദേശിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
2012-ൽ ജോസിന്റെ വീട്ടിൽ നിന്ന് എട്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. തുടർന്ന് അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയും, തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. സ്വന്തം മാതാവിന്റെയും സഹോദരന്റെയും മരണസമയത്തുപോലും നാട്ടിലെത്താതിരുന്നതിനാൽ ജോസ് മരിച്ചുവെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും കരുതിയിരുന്നത്.
എന്നാൽ, പഴയ കേസുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ജോസ് ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് അന്വേഷണസംഘം ആഴ്ചകളോളം വിശാഖപട്ടണത്ത് തങ്ങി നടത്തിയ അന്വേഷണത്തിലാണ് ആന്ധ്ര–ഒഡീഷ അതിർത്തിയിലെ ഒരു ഗ്രാമത്തിൽ ഇയാൾ കോഴിഫാം നടത്തുന്നതായി കണ്ടെത്തിയത്.
പൊലീസ് എത്തിയപ്പോൾ ‘കോറ ജോഷ് ബാബു’ എന്ന പേരിലുള്ള വ്യാജ തിരിച്ചറിയൽ രേഖകൾ കാണിച്ച് താൻ ആന്ധ്ര സ്വദേശിയാണെന്ന് വരുത്തിത്തീർക്കാൻ ഇയാൾ ശ്രമിച്ചു. എന്നാൽ സംശയം തോന്നി രഹസ്യമായി നിരീക്ഷിച്ച പൊലീസ്, ഇയാൾ ഫോണിൽ മലയാളത്തിൽ സംസാരിക്കുന്നത് കേട്ടതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
കണ്ണൂർ എ.സി.പി എം.പി. ആസാദ്, നാർക്കോട്ടിക് സെൽ എ.സി.പി വി.വി. മനോജ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ വിനോദ്, ഷാജി, എ.എസ്.ഐമാരായ രാജീവൻ, സ്മഹേഷ്, സജിത്ത്, ലെവൻ, സി.പി.ഒമാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
















Leave a Reply