കാഞ്ഞങ്ങാട്: കള്ളാറിൽ ഉടമയോടുള്ള മുൻ വൈരാഗ്യം തീർക്കാൻ ഫർണിച്ചർ കട തീയിട്ട് നശിപ്പിച്ച കേസിൽ രണ്ട് പേരെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം മൈൽ സ്വദേശി അബൂബക്കർ മുഹമ്മദ് (45), പാണത്തൂർ അരിപ്രോഡ് താമസിക്കുന്ന കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി ശാലോം മോൻ കെ. ജോസഫ് (35) എന്നിവരെയാണ് മണിക്കൂറുകൾക്കകം പൊലീസ് വലയിലാക്കിയത്.
കള്ളാർ ടൗണിൽ ഒക്ലാവ് സ്വദേശി കുഞ്ഞഹമ്മദിൻ്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ കടയാണ് പ്രതികൾ തീയിട്ട് നശിപ്പിച്ചത്. ഇന്നലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കട പൂർണ്ണമായും കത്തിയമർന്ന നിലയിലാണ്. ഏകദേശം പത്ത് ലക്ഷം രൂപയുടെ വൻ നഷ്ടം സംഭവിച്ചതായി കുഞ്ഞഹമ്മദിന്റെ മകൻ പി.എച്ച് സിദ്ദീഖ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പ്രതികാരം തീർത്തത് പെട്രോളൊഴിച്ച്
ഒന്നാം പ്രതിയായ അബൂബക്കറിന് കടയുടമയോടുള്ള മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ കാറിലെത്തിയ പ്രതികൾ കടയിലേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതികളെ സിദ്ദീഖിന്റെ പരാതി ലഭിച്ച ഉടൻ തന്നെ രാജപുരം ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു. അക്രമത്തിനായി പ്രതികൾ സഞ്ചരിച്ച ശാലോമിന്റെ ഉടമസ്ഥതയിലുള്ള കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.













Leave a Reply