കാസർകോട് ദേശീയപാതയോരത്തെ അപകടഭീഷണി; കല്ലങ്കൈ എ.എൽ.പി സ്‌കൂൾ കെട്ടിടം കളക്ടറുടെ നിർദേശപ്രകാരം പൊളിച്ചുനീക്കി

കാസർകോട്: ദേശീയപാത സർവ്വീസ് റോഡിൽ അപകടാവസ്ഥയിൽ നിലനിന്നിരുന്ന കല്ലങ്കൈ എ.എൽ.പി സ്‌കൂൾ കെട്ടിടം പൊളിച്ചുനീക്കി. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് നടപടി.

ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തേക്ക് തള്ളിനിൽക്കുന്ന രീതിയിലായിരുന്നു കെട്ടിടത്തിന്റെ ഭാഗം ഉണ്ടായിരുന്നത്. ഏത് നിമിഷവും റോഡിലേക്ക് തകർന്നു വീഴാവുന്ന അവസ്ഥയിലായിരുന്ന ഈ ഭാഗം, സർവ്വീസ് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയായിരുന്നു ഉയർത്തിയിരുന്നത്.

പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് കാസർകോട് ആർ.ഡി.ഒ എം.എസ്. ബിജുകുമാർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എൻ.എച്ച്.എ.ഐ നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത കെട്ടിടഭാഗം മാനേജ്‌മെന്റ് സ്വന്തം നിലയിൽ പൊളിച്ചുമാറ്റാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന്, ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (ULCCS) കെട്ടിടം പൊളിച്ചുനീക്കാൻ ആർ.ഡി.ഒ മുൻപ് നിർദ്ദേശം നൽകിയിരുന്നു.

ആർ.ഡി.ഒയുടെ നിർദ്ദേശമുണ്ടായിട്ടും നടപടി വൈകിയതിനെതിരെ വീണ്ടും പരാതിയുയർന്നതോടെയാണ് ബുധനാഴ്ച ഊരാളുങ്കൽ തൊഴിലാളികൾ സ്ഥലത്തെത്തി കെട്ടിടം പൂർണ്ണമായും പൊളിച്ചുമാറ്റിയത്.

ലെയ്‌സൺ ഓഫീസർ മനീഷ് കുമാർ, യു.എൽ.സി.സി.എൽ പ്രൊജക്റ്റ് എഞ്ചിനീയർ അശ്വന്ത്, സേഫ്റ്റി ഓഫീസർ മഞ്ജുരാജ്, ദേശീയപാതാ അതോറിറ്റി ലെയ്‌സൺ ഓഫീസർ സേതുമാധവൻ എന്നിവരുടെ നേതൃത്വത്തിലാണ് പൊളിച്ചുനീക്കൽ നടപടികൾ പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *