പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 31 വർഷം കഠിനതടവും പിഴയും

കാസർകോട്: പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 31 വർഷം കഠിനതടവും 27,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരുവഞ്ചാൽ വായാട്ട് പറമ്പ് തെക്കയിൽ വീട്ടിൽ ജോഷി ജോസഫിനെ (56) യാണ് ഹോസ്‌ദുർഗ് അതിവേഗ സ്പെഷൽ കോടതി ജഡ്‌ജി പി. എം. സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം അധിക തടവും അനുഭവിക്കണം.

2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടി താമസിച്ചിരുന്ന വീടിൻ്റെ തൊട്ടടുത്ത മുറിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു പ്രതി.

ബേക്കൽ അന്നത്തെ ഇൻസ്പെക്ടർ ഓഫ് പോലീസ് ആയിരുന്ന കെ. പി. ഷൈൻ ആണ് കേസിൽ ആദ്യാന്വേഷണം നടത്തിയത്. തുടർന്ന് അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്. എം. എസ്. ഡിവൈഎസ്പി ടി. ഉത്തംദാസാണ്.

പ്രോസിക്യൂഷന് വേണ്ടി ഹോസ്‌ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി. എയ്‌ഡ് പ്രോസിക്യൂഷൻ ഡ്യൂട്ടിയിൽ എഎസ്ഐ ശോഭനയും കോടതിയെ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *