കാസർകോട് പിതാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ

കാസർകോട്: പണം നൽകാത്തതിലുള്ള വിരോധം തീർക്കാൻ പിതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവിനെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കിൽ, ബെണ്ടിച്ചാൽ സ്വദേശി അഹമ്മദ് ഇർഫാദി (28) നെയാണ് ഇൻസ്പെക്ടർ എം.വി. വിനീഷ് കുമാറും സംഘവും പിടികൂടിയത്. വധശ്രമത്തിൽ പരിക്കേറ്റ ചെങ്കള, പാണലം സ്വദേശി മുഹമ്മദ് കുഞ്ഞി (51) നിലവിൽ ചെങ്കളയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
പ്രതിയായ അഹമ്മദ് ഇർഫാദിന്റെ നിരന്തരമായ ഉപദ്രവം കാരണം പിതാവ് മുഹമ്മദ് കുഞ്ഞിയും ഭാര്യയും കഴിഞ്ഞ കുറേക്കാലമായി പാണലത്തെ ബന്ധുവീട്ടിലായിരുന്നു താമസം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ഈ വീട്ടിലെത്തിയ ഇർഫാദ് പിതാവിനോട് പണം ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ വിസമ്മതിച്ചതോടെ പ്രകോപിതനായ മകൻ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പിതാവിനെ ആക്രമിക്കുകയായിരുന്നു.
മുഹമ്മദ് കുഞ്ഞിയുടെ കഴുത്തിലാണ് ആദ്യം വെട്ടേറ്റത്. വെട്ടേറ്റ് നിലത്തു വീണ അദ്ദേഹത്തിന്റെ മുഖത്തും ഇടതുകാലിലും ശരീരത്തിന് പിന്നിലും പ്രതി മാരകമായി പരിക്കേൽപ്പിച്ചതായി വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. നാട്ടുകാരാണ് പരിക്കേറ്റ മുഹമ്മദ് കുഞ്ഞിയെ ആശുപത്രിയിൽ എത്തിച്ചത്.
വിദ്യാനഗർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *