കാഞ്ഞങ്ങാട്: ബസ് കാത്തുനിൽക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ച് കോടതി. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ആണ് ശിക്ഷ വിധിച്ചത്.
കർണാടക ബാലേഹോസൂർ ബീരപ്പ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹേലപ്പ സുബ്ബണ്ണ ഇറഗർ (36) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. കോടതി വിധിച്ച 30,000 രൂപ പിഴ അടച്ചില്ലെങ്കിൽ പ്രതി ആറുമാസം അധിക തടവ് കൂടി അനുഭവിക്കേണ്ടി വരും.
കഴിഞ്ഞ വർഷം ജൂലൈ 16-നാണ് കേസിനാസ്പദമായ സംഭവം. രാവിലെ സ്കൂളിൽ പോകാനായി ചെമ്മനാട് മാവില റോഡിലെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന പതിനേഴുകാരിയെ പ്രതി അവിടെയെത്തി ഉപദ്രവിക്കുകയായിരുന്നു.
തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മേൽപറമ്പ് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. എസ്.ഐ സുരേഷ്കുമാറാണ് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.














Leave a Reply