കാസർകോട്: ട്രെയിൻ യാത്രയ്ക്കിടെ കാസർകോട് സ്വദേശിയുടെ വിലപിടിപ്പുള്ള ലാപ്ടോപ്പ് കവർന്ന കേസിൽ പ്രതിയെ മണിക്കൂറുകൾക്കകം ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് പിടികൂടി. ചെറുവത്തൂർ പടന്ന സ്വദേശി കെ. സുധാകരൻ (56) ആണ് പിടിയിലായത്.
ബായാർ ബെരിപ്പദവ് ബള്ളൂർ ഹൗസിലെ ഇബ്രാഹിം ഇഷാന്റെ ഏകദേശം 80,000 രൂപ വിലവരുന്ന ലാപ്ടോപ്പാണ് പ്രതി കവർന്നത്. കോഴിക്കോട് ഫറൂഖിൽ നിന്ന് ഏറനാട് എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം. ട്രെയിൻ കണ്ണൂരിലെത്തിയപ്പോഴാണ് ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷണം പോയ വിവരം യാത്രക്കാരൻ അറിയുന്നത്.
പരാതി ഉയർന്നതിന് പിന്നാലെ റെയിൽവേ സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അതിവേഗം വലയിലാക്കിയത്.
ആർ.പി.എഫ് ഇൻസ്പെക്ടർ രമേഷ് കുമാർ, റെയിൽവേ എസ്.ഐ സന്തോഷ്, ആർ.പി.എഫ് എ.എസ്.ഐ സഞ്ജയ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അജീഷ്, വിജേഷ്, റെയിൽവേ ഇന്റലിജൻസ് സിവിൽ പൊലീസ് ഓഫീസർ ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.












Leave a Reply