കാസർകോട്: ദേശീയ പഞ്ചഗുസ്തി വേദിയിൽ കാസർകോടിൻ്റെ കരുത്തുയർത്തി നീലേശ്വരം സ്വദേശി. ബംഗളൂരുവിൽ വെച്ച് നടന്ന ആറാമത് ബി.സി.എ.ഐ (BCAI) നാഷണൽ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലാണ് നീലേശ്വരം ചാത്തമത്തെ ആദർശ് തകർപ്പൻ പ്രകടനത്തോടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.
95 കിലോഗ്രാം യൂത്ത് ലെഫ്റ്റ് ഹാൻഡ് (Youth Left Hand) വിഭാഗത്തിലാണ് എതിരാളികളെ അഷ്പതാക്കി ആദർശ് ഒന്നാം സ്ഥാനവും ദേശീയ ചാമ്പ്യൻപട്ടവും സ്വന്തമാക്കിയത്. ഈ ഉജ്ജ്വല നേട്ടത്തോടെ ജപ്പാനിൽ നടക്കാനിരിക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അർഹതയും ഈ യുവതാരം സ്വന്തമാക്കി കഴിഞ്ഞു.
ദേശീയതലത്തിൽ കൈവരിച്ച ഈ വലിയ നേട്ടം ചാത്തമത്ത് നാടിനും കാസർകോടിൻ്റെ കായികരംഗത്തിനും ഒട്ടാകെ വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. ചാത്തമത്ത് ഒട്ടിൽ രജി – ശുഭ ദമ്പതികളുടെ മകനായ ആദർശ്, കായികരംഗത്ത് നേരത്തെ തന്നെ സജീവമാണ്. ചാത്തമത്ത് ബ്രദേഴ്സ് ക്ലബ്ബിന്റെ മികച്ചൊരു കബഡി താരം കൂടിയാണ് ഇദ്ദേഹം.
ജപ്പാനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി കൈക്കരുത്ത് കാട്ടാനും ഇന്ത്യയിലേക്ക് മെഡൽ എത്തിക്കാനുമുള്ള കഠിനമായ പരിശീലനത്തിലും തയ്യാറെടുപ്പിലുമാണിപ്പോൾ ആദർശ്.













Leave a Reply