കാസർകോട്: ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണ്ണം നൽകാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയിൽ നിന്നും 93 ലക്ഷം രൂപ വാങ്ങി ചതിച്ചതായും, പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതി. സംഭവത്തിൽ കാസർകോട് ഹോസ്ദുർഗ് പോലീസ് രണ്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഡോ. മുഹമ്മദ് സാഹിർ, അബ്ദുള്ള എന്നിവർക്കെതിരെയാണ് ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്. കുമ്പളയിൽ ജ്വല്ലറി നടത്തുന്ന മൊഗ്രാൽ സ്വദേശിയായ യൂസുഫ് കോട്ടയാണ് പരാതിക്കാരൻ.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
പഴയ സ്വർണ്ണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന യൂസുഫിനെ ചതിക്കുക എന്ന ഉദ്ദേശത്തോടെ, തങ്ങളുടെ കൈവശം ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണ്ണമുണ്ടെന്ന് പ്രതികൾ വിശ്വസിപ്പിച്ചു. ഇത് പ്രകാരം 2025 മെയ് 17-ന് പ്രതികൾ യൂസുഫിൽ നിന്നും 93 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. എന്നാൽ പണം വാങ്ങി ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും സ്വർണ്ണമോ അല്ലെങ്കിൽ വാങ്ങിയ പണമോ തിരികെ നൽകാൻ പ്രതികൾ തയ്യാറായില്ല. നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പ്രതികൾ യൂസുഫിനെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.













Leave a Reply