കാസർകോട് ജനറൽ ആശുപത്രി മെഡിക്കൽ ബോർഡ് പരിശോധന താഴത്തെ നിലയിലേക്ക് മാറ്റി

കാസർകോട്: ശാരീരിക പ്രയാസങ്ങൾ നേരിടുന്ന രോഗികൾക്കും കുട്ടികൾക്കും ആശ്വാസമേകി കാസർകോട് ജനറൽ ആശുപത്രിയിലെ ആരോഗ്യവകുപ്പിന്റെ മെഡിക്കൽ ബോർഡ് പരിശോധനാ ക്യാംപ് താഴത്തെ നിലയിലേക്ക് മാറ്റുന്നു. ജനറൽ ആശുപത്രിയിലെ കാർ പാർക്കിങ്ങിന് സമീപമുള്ള പുതിയ കെട്ടിടത്തിലേക്കാണ് പരിശോധന മാറ്റുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ആശുപത്രി സൂപ്രണ്ട് ബാലാവകാശ കമ്മിഷന് കൈമാറി.

നേരത്തെ ജനറൽ ആശുപത്രിയുടെ നാലാം നിലയിലായിരുന്നു മെഡിക്കൽ ബോർഡ് പരിശോധന നടന്നിരുന്നത്. ലിഫ്റ്റ് സൗകര്യങ്ങളുടെ പരിമിതിയും മറ്റും കാരണം ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും കൈകാലുകൾ ചലിപ്പിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ഇവിടേക്ക് എത്തിപ്പെടുക എന്നത് വലിയ ദുരിതമായിരുന്നു. ഇത് സംബന്ധിച്ച് ജനുവരി 21-ന് ‘മലയാള മനോരമ’ പത്രത്തിൽ വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു.

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ

കാസർകോട് ഗവ. ഹൈസ്‌കൂൾ വിദ്യാർഥിനിയായ മകളുടെ മെഡിക്കൽ ബോർഡ് പരിശോധന നാലാം നിലയിൽ നിന്ന് താഴത്തെ നിലയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ട് ഒരു അമ്മ ബാലാവകാശ കമ്മിഷനെ സമീപിച്ചതോടെയാണ് വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടായത്. തുടർന്ന് ഇന്നലെ നടന്ന ബാലാവകാശ കമ്മിഷൻ സിറ്റിങ്ങിൽ വെച്ച്, ക്യാംപ് താഴത്തെ നിലയിലേക്ക് മാറ്റിയതായുള്ള ഉത്തരവ് ആശുപത്രി സൂപ്രണ്ട് ഔദ്യോഗികമായി കൈമാറുകയായിരുന്നു.

ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്, കമ്മിഷൻ അംഗം മോഹൻ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സിറ്റിങ് നടന്നത്. ഭിന്നശേഷിക്കാർക്കും മറ്റ് രോഗികൾക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ പുതിയ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *