സ്ത്രീധന പീഡനം: സുള്ള്യയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃപിതാവും മാതാവും സഹോദരിയും അറസ്റ്റിൽ

സുള്ള്യ: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭർതൃവീട്ടുകാരുടെ നിരന്തര മാനസിക പീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും അറസ്റ്റിൽ. സമ്പാജെ സ്വദേശിനി ഫാത്തിമത്ത് നിഷാന (25) കെട്ടിത്തൂങ്ങി മരിച്ച കേസിലാണ് മൂന്ന് പേരെ സുള്ള്യ പോലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ ഭർതൃപിതാവ് സി.പി. അലവി (54), ഭർതൃമാതാവ് സി.എ. ആയിഷ (56), ഭർത്താവിന്റെ സഹോദരി ഫസീല (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 18-നാണ് ഫാത്തിമത്ത് നിഷാനയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നാല് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഫാത്തിമത്തിനെ ഭർതൃവീട്ടുകാർ മാനസികമായും ശാരീരികമായും കഠിനമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് മാതാപിതാക്കൾ സുള്ള്യ പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

മരണത്തിന് തലേദിവസം രാത്രി ഫാത്തിമത്ത് ഫോണിൽ വിളിച്ച് പീഡനവിവരം മാതാവിനോട് പറയുന്നതിനിടെ ഭർതൃപിതാവ് അലവി ഫോൺ പിടിച്ചെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് മൂവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *