പയ്യന്നൂരിൽ പള്ളിയിൽ മദ്യപന്റെ അതിക്രമം: മുക്രിയടക്കം മൂന്ന് പേർക്ക് കുത്തേറ്റു; കാസർകോട് സ്വദേശി പിടിയിൽ

പയ്യന്നൂർ: പയ്യന്നൂർ ഏഴിലോട് ജുമാമസ്ജിദിൽ മദ്യലഹരിയിൽ അതിക്രമം കാണിക്കുകയും മൂന്നുപേരെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ കാസർകോട് സ്വദേശിയായ പ്രതി പോലീസ് പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ സിയാദ് അബ്ദുള്ളയെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് മൂന്ന് കത്തികളും ഒരു കത്രികയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഏഴിലോട് ഫാറൂഖ് ജുമാമസ്‌ജിദിലെ മുക്രിയും മഞ്ചേരി സ്വദേശിയുമായ മുഹമ്മദ് ആഷിഖ് (24), ജമാഅത്ത് ഭാരവാഹി നസീർ ഹന്ന (47), പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ കെ.എം സമീർ (37) എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇവരെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി 10.45-ഓടെയാണ് സംഭവം. പൂർണ്ണമായും മദ്യലഹരിയിലായിരുന്ന സിയാദ് അബ്ദുള്ള പള്ളിയിൽ കയറി ജനൽ ഗ്ലാസുകൾ അടിച്ചുതകർക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട് തടയാൻ ശ്രമിച്ചപ്പോഴാണ് മുക്രി മുഹമ്മദ് ആഷിഖിനും മറ്റ് ഭാരവാഹികൾക്കും നേരെ പ്രതി അക്രമം അഴിച്ചുവിട്ടത്. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *