ജില്ലാ ആശുപത്രിയിൽ ഇനി ‘ആവിപറക്കുന്ന’ പ്രഭാതഭക്ഷണവും

കാഞ്ഞങ്ങാട്: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഇനി രാവിലെയും വയറുനിറയെ ഭക്ഷണം കഴിക്കാം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുള്ള രോഗികൾക്കായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ പ്രഭാതഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കമായി. തിങ്കളാഴ്ച രാവിലെ കൈയിൽ കരുതിയ പ്ലേറ്റുകളിലേക്ക് ആവിപറക്കുന്ന പുട്ടും കടലക്കറിയും വാങ്ങി രോഗികൾ വാർഡുകളിലേക്ക് നീങ്ങിയതോടെയാണ് പദ്ധതിക്ക് ഔദ്യോഗിക തുടക്കമായത്.

നാളിതുവരെ ജില്ലാ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യുന്ന രോഗികൾക്ക് ഉച്ചഭക്ഷണവും രാത്രിഭക്ഷണവും മാത്രമായിരുന്നു നൽകിയിരുന്നത്. ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ‘നല്ല ചായ നല്ല തുടക്കം’ എന്ന സന്ദേശവുമായി ജില്ലാ പഞ്ചായത്ത് ഭരണസമിതി 20 ലക്ഷം രൂപ വകയിരുത്തിയാണ് ഈ മാതൃകാപരമായ പദ്ധതിക്ക് തുടക്കമിട്ടത്.

സമയം രാവിലെ 7.30; ചുമതല കുടുംബശ്രീക്ക്

എല്ലാ ദിവസവും രാവിലെ കൃത്യം 7.30-ന് പ്രഭാതഭക്ഷണം വിതരണം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭയിലെ കുടുംബശ്രീ സംരംഭത്തിനാണ് ഭക്ഷണവിതരണത്തിന്റെ പൂർണ്ണ ചുമതല. ആശുപത്രി അധികൃതരുടെ കൃത്യമായ മേൽനോട്ടവും പരിശോധനയും ഭക്ഷണവിതരണത്തിൽ ഉറപ്പുവരുത്തുന്നുണ്ട്.

പ്രമുഖരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം

ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

നഗരസഭാ ചെയർമാൻ വി.വി. രമേശൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം. മനു, കെ. കൃഷ്ണൻ, റീന തോമസ്, അംഗങ്ങളായ കെ. സബീഷ്, ഡോ. സെറീന സലാം, ടി.വി. രാധിക, ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ, ആർ.എം.ഒ. ഡോ. ബി. ഷഹർബാന, നഴ്‌സിങ് സൂപ്രണ്ട് സി. ലളിതാംബിക, പി. പ്രിയ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *