ചീമേനി: അടച്ചിട്ട വീടിന്റെ വാതിൽ പൊളിച്ച് സ്വർണ്ണാഭരണങ്ങളും പണവും കവർന്ന കേസിലെ പ്രധാന പ്രതിയെ ചീമേനി പോലീസ് സാഹസികമായി പിടികൂടി. കാനായി കോറോം സ്വദേശി പോത്തേര ഹൗസിലെ തമ്പാൻ പി. (46) ആണ് പോലീസിന്റെ വലയിലായത്. കൃത്യം നടന്ന് വെറും 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.
മെയ് 7-ാം തീയതി രാവിലെ 9 മണിക്കും 11 മണിക്കും ഇടയിലായിരുന്നു നാടിനെ നടുക്കിയ കവർച്ച നടന്നത്. ചീമേനി ചേതന റോഡിലെ ഒരു വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറിയ പ്രതികൾ, ഷെൽഫ് കുത്തിത്തുറന്ന് നാലര പവൻ സ്വർണ്ണവും ആയിരം രൂപയുമാണ് കവർന്നത്. വീട്ടുകാർ ചീമേനി മുണ്ട്യ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ തക്കം നോക്കിയായിരുന്നു പ്രതികൾ മോഷണം നടത്തിയത്.
മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ മോഷണം നടത്തുന്ന രീതിയായതിനാൽ പ്രതിയെ കണ്ടെത്തുക എന്നത് പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ വിവരങ്ങൾ കേന്ദ്രീകരിച്ചും ശാസ്ത്രീയമായ വഴികളിലൂടെയും നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. അന്വേഷണ സംഘം നൽകിയ അടയാളങ്ങളുള്ള ഒരാൾ മുണ്ട്യ ഉത്സവപ്പറമ്പിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് തമ്പാൻ പിടിയിലാകുന്നത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മോഷണത്തിൽ തമ്പാന്റെ കൂടെ പങ്കാളികളായ മറ്റ് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.
ചീമേനി ഐ.പി. എസ്.എച്ച്.ഒ രാജഗോപാലൻ എം.ഇയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ രാമചന്ദ്രൻ പി.വി, ശശി എൻ.കെ, എസ്.സി.പി.ഒ മാരായ കിഷോർ കുമാർ, സുഭാഷ്, ഹരീഷ് വർമ്മ, അജിത്ത്, അനീഷ്, സി.പി.ഒ മാരായ ദിലീദ്, സന്ദീപ്, ഡ്രൈവർ രാജൻ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.
ചീമേനിയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച: പ്രധാന പ്രതി 24 മണിക്കൂറിനുള്ളിൽ പിടിയിൽ













Leave a Reply