കാസർകോട്: കാഞ്ഞങ്ങാട് ഐങ്ങോത്ത് ദേശീയപാതയിൽ വാഹനപരിശോധനയ്ക്കിടെ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫീസർമാരായ വലിയപറമ്പ് സ്വദേശി സൂരജ് (32), കുന്നുംകൈ സ്വദേശി അലോഷ്യസ് (39) എന്നിവരുടെ കാലുകളാണ് മുറിച്ചുമാറ്റിയത്. വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച മംഗളൂരുവിലെ ആശുപത്രിയിൽ വെള്ളിനാഴ്ച നടന്ന ശസ്ത്രക്രിയയിലാണ് ഇരുവരുടെയും കാലുകൾ ഭാഗികമായി നീക്കം ചെയ്യേണ്ടി വന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൂരജിന്റെ കാൽ മുട്ടിന് താഴെ വച്ചും അലോഷ്യസിന്റെ കാൽപാദവുമാണ് ഡോക്ടർമാർക്ക് മുറിച്ച് നീക്കേണ്ടി വന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കാഞ്ഞങ്ങാട് ഐങ്ങോത്ത് വെച്ച് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി ദേശീയപാതയിൽ വാഹനപരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയിലേക്ക് നിയന്ത്രണം വിട്ടെത്തിയ കാർ പൊലീസുകാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇടിച്ചുകയറിയ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിലും ശക്തമായി ഇടിച്ചു. ഇതോടെ ഇരുവാഹനങ്ങൾക്കും ഇടയിൽപെട്ടാണ് പൊലീസുകാരുടെ കാലുകൾക്ക് മാരകമായി പരിക്കേറ്റത്. അപകടം നടന്നയുടൻ ഇരുവരെയും കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. എന്നാൽ കാലുകളുടെ പരിക്ക് അതീവ ഗുരുതരമായതിനാൽ ഒടുവിൽ മുറിച്ചുമാറ്റാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.
പൊലീസ് ക്ലബ്ബിലെ മുൻ ഫുട്ബോൾ താരം കൂടിയാണ് കാൽ മുട്ടിന് താഴെ വെച്ച് കാൽ നഷ്ടപ്പെട്ട സൂരജ്. ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചു. സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടിട്ടുണ്ട്. പരിക്കേറ്റ ഇരു പൊലീസുകാർക്കും ആവശ്യമായ എല്ലാ സഹായങ്ങളും അടിയന്തരമായി നൽകാൻ അദ്ദേഹം ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.












Leave a Reply