ഹൈവേ അതോറിറ്റിയുടെ വാഗ്ദാനം പാഴ്വാക്കായി; ചന്ദ്രഗിരി ഗസ്റ്റ് ഹൗസ് സ്റ്റോപ്പിൽ ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ച് വാർഡ് മെമ്പറുടെ വേറിട്ട പ്രതിഷേധം

മൊഗ്രാൽ പുത്തൂർ: ദേശീയപാത വികസനത്തിന് പിന്നാലെ യാത്രക്കാർക്കായി ബസ് കാത്തിരിപ്പുകേന്ദ്രം നിർമ്മിച്ചുനൽകാതെ ജനങ്ങളെ കബളിപ്പിച്ച ദേശീയപാത അതോറിറ്റിയുടെ (NHAI) അനാസ്ഥയ്ക്കെതിരെ സ്വന്തം നിലയിൽ ബസ് ഷെൽട്ടർ സ്ഥാപിച്ച് വേറിട്ട പ്രതിഷേധവുമായി പഞ്ചായത്ത് അംഗം. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് മെമ്പർ സെമീന സിദ്ദിഖാണ് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാൻ നേരിട്ടിറങ്ങിയത്.

തലപ്പാടി – ചെങ്കള റീച്ചിലെ ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് ചന്ദ്രഗിരി ഗസ്റ്റ് ഹൗസ് സ്റ്റോപ്പിൽ നേരത്തെയുണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റിയത്. റോഡ് നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ഇവിടെ അത്യാധുനിക രീതിയിലുള്ള പുതിയ വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ച് നൽകാമെന്ന് കരാർ കമ്പനിയും ഹൈവേ അധികൃതരും നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ റോഡ് പണി പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും ബസ് ഷെൽട്ടർ നിർമ്മിക്കാൻ അധികൃതർ തയ്യാറായില്ല.

വലിയവളപ്പ്, ഗസ്റ്റ് ഹൗസ് തുടങ്ങിയ പരിസരങ്ങളിലെ 150-ലധികം കുടുംബങ്ങളിലെ സ്ത്രീകളും വിദ്യാർത്ഥികളുമടക്കം ദിവസേന ഇരുനൂറിലേറെ യാത്രക്കാരാണ് ഈ സ്റ്റോപ്പിനെ ആശ്രയിക്കുന്നത്. സമീപത്ത് മറ്റ് കടകളോ കെട്ടിടങ്ങളോ ഇല്ലാത്തതിനാൽ കനത്ത വെയിലും പേമാരിയും കൊണ്ട് റോഡരികിൽ നിൽക്കേണ്ട ഗതികേടിലായിരുന്നു യാത്രക്കാർ.

യാത്രക്കാരുടെ ദുരിതം ചൂണ്ടിക്കാട്ടി വാർഡ് മെമ്പർ സെമീന സിദ്ദിഖ് പലതവണ ദേശീയപാത അതോറിറ്റിക്ക് നിവേദനങ്ങൾ നൽകുകയും നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. അധികൃതരുടെ ജനവിരുദ്ധവും നിഷേധാത്മകവുമായ സമീപനത്തിൽ പ്രതിഷേധിച്ചാണ് കുന്നിൽ ആയിഷാ മസ്ജിദ് ചാരിറ്റി കെയറുമായി (AMCC) സഹകരിച്ച് വാർഡ് മെമ്പർ സ്വന്തം നിലയിൽ ഇവിടെ ബസ് ഷെൽട്ടർ സജ്ജമാക്കിയത്. കാത്തിരിപ്പുകേന്ദ്രം യാഥാർത്ഥ്യമായതോടെ വലിയ ആശ്വാസത്തിലാണ് പ്രദേശവാസികളും നിത്യേനയുള്ള യാത്രക്കാരും.

Leave a Reply

Your email address will not be published. Required fields are marked *