കാസർകോട്: ഒരുകാലത്ത് ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗ്ഗമായിരുന്ന ബീഡി വ്യവസായ മേഖലയിലെ തൊഴിലാളികൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി ഭാരതീയ മസ്ദൂർ സംഘം (BMS). കാസർകോട്, കണ്ണൂർ ജില്ലകളിലായി പണിയെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ ഇന്ന് കടുത്ത അവഗണനയിലാണ്. മാരകമായ രോഗങ്ങൾ പിടിപെട്ട് അവശതയിലായ തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ബി.എം.എസ്. ആവശ്യപ്പെട്ടു.
കാസർകോട് ജില്ലാ ബീഡി മസ്ദൂർ സംഘത്തിന്റെ ജില്ലാ വാർഷിക പ്രതിനിധി സമ്മേളനത്തിലാണ് ഈ ആവശ്യങ്ങൾ ഉയർന്നുവന്നത്.
നാമമാത്രമായ പെൻഷൻ; ഡി.എ. ആനുകൂല്യങ്ങളും ലഭിക്കുന്നില്ല
ബീഡി തൊഴിലാളികൾക്ക് നിലവിൽ ലഭിക്കുന്ന പി.എഫ്. പെൻഷൻ തികച്ചും നാമമാത്രമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ജീവിതച്ചെലവ് കുതിച്ചുയരുമ്പോഴും ഡി.എ. (ക്ഷാമബത്ത) പോലുള്ള യാതൊരുവിധ ആനുകൂല്യങ്ങളും ഈ മേഖലയിലെ തൊഴിലാളികൾക്ക് കൃത്യമായി ലഭിക്കുന്നില്ല. കടുത്ത ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഈ വിഭാഗത്തെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വാർഷിക പ്രതിനിധി സമ്മേളനം
ഗംഗാധരൻ കൊവ്വൽപള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വാർഷിക പ്രതിനിധി സമ്മേളനം ഭാരതീയ മസ്ദൂർ സംഘം സംസ്ഥാന കമ്മിറ്റി അംഗം വി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.എം.എസ്. സംസ്ഥാന സമിതി അംഗം ടി. കൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ.വി. ബാബു, ജില്ലാ ഉപാധ്യക്ഷ ഗീതാ ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ദിനേശ് ബംബ്രാണ, ഭാസ്കരൻ പൊയിനാച്ചി, ഗുരുദാസ് മധൂർ, മിനി ശ്രീനിവാസൻ, മുള്ളേരിയ മേഖല സെക്രട്ടറി ആനന്ദൻ മുള്ളേരിയ, കാസർകോട് മേഖല സെക്രട്ടറി ബാബുമോൻ ചെങ്കള എന്നിവരും സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ബി.എം.എസ്. ജില്ലാ ജോയിന്റ് സെക്രട്ടറി ഹരീഷ് കുതിരപ്പാടി സമ്മേളനത്തിൽ സമരോപ് പ്രഭാഷണം നടത്തി. ടി. കൃഷ്ണൻ സ്വാഗതവും മിനി ശ്രീനിവാസൻ നന്ദിയും രേഖപ്പെടുത്തിയതോടെ സമ്മേളനം സമാപിച്ചു.












Leave a Reply