അനന്തപുരം: അനന്തപുരം ഇൻഡസ്ട്രിയൽ ഏരിയയിലെ കടുത്ത പരിസര മലിനീകരണത്തിനും ദുർഗന്ധത്തിനും അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ആവശ്യപ്പെട്ടു. ഇൻഡസ്ട്രിയൽ ഏരിയയിലെ വിവിധ സ്ഥാപനങ്ങൾ ബിജെപി നേതാക്കൾക്കും പ്രദേശവാസികൾക്കും ഒപ്പം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവർ.
നാടിന്റെയും ജനങ്ങളുടെയും സാമ്പത്തികമായ പുരോഗതിക്ക് വ്യവസായവൽക്കരണം അനിവാര്യമാണ് എന്നതിൽ തർക്കമില്ല. എന്നാൽ ജനങ്ങളുടെ ആരോഗ്യം പൂർണ്ണമായും നഷ്ടപ്പെടുത്തുന്നതും, പ്രദേശത്തെ ജലസ്രോതസ്സുകളും അന്തരീക്ഷവും ഒരുപോലെ മലിനപ്പെടുത്തുന്നതുമായ വ്യവസായങ്ങളുമായി മുന്നോട്ട് പോകാൻ അനുവദിക്കരുത്. ജനജീവിതം ദുസ്സഹമാക്കുന്ന ഇത്തരം വ്യവസായങ്ങൾ വേണ്ടെന്ന് വെക്കാൻ വ്യവസായ വകുപ്പ് അടിയന്തരമായി തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു.
മലിനീകരണ പ്രശ്നത്തിൽ പ്രദേശവാസികളുടെ ആശങ്കകൾക്ക് എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. ബിജെപി സെക്രട്ടറി പി. ആർ. സുനിൽ, മണ്ഡലം പ്രസിഡന്റ് സുനിൽ അനന്തപുരം, വൈസ് പ്രസിഡന്റ് വിക്രം പൈ, മണ്ഡലം സെക്രട്ടറി പ്രദീപ് കുമാർ, വിനോദ് കോയിപ്പാടി, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ദയാനന്ദ, അജയ് നായ്ക്കാപ്പ് എന്നിവരും വിവിധ പഞ്ചായത്ത് ജനപ്രതിനിധികളും ഇൻഡസ്ട്രിയൽ ഏരിയയിൽ സന്ദർശനം നടത്തിയ സംഘത്തിലുണ്ടായിരുന്നു.
അനന്തപുരം ഇൻഡസ്ട്രിയൽ ഏരിയയിലെ മലിനീകരണം: അടിയന്തര പരിഹാരം വേണമെന്ന് ബിജെപി













Leave a Reply