കാസർകോട്: ബേക്കൽ പള്ളിക്കരയിൽ കടലാക്രമണത്തെ തുടർന്ന് തോണി മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്. പള്ളിക്കര മിഷൻ കോളനിയിലെ തദയൂസ് (43), തോണി ഉടമ രാജു (55), വിനോദ് (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ തലയ്ക്കും പുറത്തും സാരമായി പരിക്കേറ്റ തദയൂസിന്റെ നില ഗുരുതരമായി തുടരുന്നു.
ഇന്നലെ ഉച്ചയോടെ പള്ളിക്കര കടപ്പുറത്തായിരുന്നു അപകടം. രാവിലെ 11 മണിയോടെ 11 പേരടങ്ങുന്ന സംഘമാണ് മത്സ്യബന്ധനത്തിനായി കടലിൽ പോയത്. ചെമ്മീൻ വേട്ടയ്ക്ക് ശേഷം തിരികെ കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ ശക്തമായ തിരമാലയിൽപ്പെട്ട് തോണി മറിയുകയായിരുന്നു.
രണ്ടര ലക്ഷം രൂപയുടെ നഷ്ടം
അപകടത്തിൽ തോണി പൂർണ്ണമായും തകർന്നു. തോണിയിലുണ്ടായിരുന്ന മീനും ഉപകരണങ്ങളും കടലിൽ ഒഴുക്കിൽപ്പെട്ടു. അപകടത്തിൽ മൊത്തം രണ്ടര ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ട്രോളിംഗ് നിരോധനവും പ്രതികൂല കാലാവസ്ഥയും കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർക്ക് കടലിൽ പോകാൻ സാധിച്ചിരുന്നില്ല. ഇന്നലെ കടൽ ശാന്തമായതിനെ തുടർന്നാണ് സംഘം മത്സ്യബന്ധനത്തിനിറങ്ങിയത്. ഇതിനിടെയാണ് ദുരന്തമുണ്ടായത്.













Leave a Reply